ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളിലൊരാള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. വധശിക്ഷ കാത്ത് കഴിയുന്ന പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗ് ഠാക്കൂറാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റീസ് ആര്‍.ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ നിരവധി വാദമുഖങ്ങള്‍ പ്രതിഭാഗം ഉയര്‍ത്തിയെങ്കിലും, പുതിയതായി എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. വധശിക്ഷ പ്രാകൃത നിയമമാണെന്നും ഡല്‍ഹിയില്‍ ജീവിക്കുന്ന തന്റെ ആയുസ് വായുമലിനീകരണം കൊണ്ട് പാതിയായി കുറഞ്ഞെന്നുമൊക്കെ പ്രതിഭാഗം വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. മനുഷ്യത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട സംഭവമാണിതെന്നും ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമമാണ് പുനപരിശോധനാ ഹര്‍ജിയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് ഹര്‍ജി തള്ളിയതായി കോടതി ഉത്തരവിട്ടത്.
വധശിക്ഷ ഒഴിവാക്കാന്‍ തിരുത്തല്‍ ഹര്‍ജി എന്ന സാധ്യത കൂടി തേടുമെന്നും ഹര്‍ജി ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്റെ അഭിഭാഷകന്‍ അറിയിച്ചു. നിര്‍ഭയ കേസില്‍ പ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചത് 2017 മേയില്‍ സുപ്രീംകോടതി ശരിവയ്ക്കുകയും പുനഃപരിശോധനാ ഹര്‍ജി 2018 ജൂലൈയില്‍ തള്ളുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഇവരുടെ ദയാഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് പ്രതികളില്‍ ഒരാള്‍ പുനപരിശോധനാ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയില്‍ എത്തിയത്.













Discussion about this post