തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയുടെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിടുന്ന പ്ലാന്റേഷന്‍ നയം അടുത്ത മാസം അവസാനം പ്രഖ്യാപിക്കുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍. പ്ലാന്റേഷന്‍ നയം പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലാന്റേഷന്‍ നയത്തിന്റെ കരട് ചര്‍ച്ച ചെയ്യാന്‍ കൊച്ചി പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന ശില്‍പ്പശാലയില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തോട്ടം മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണങ്ങള്‍ക്കും ശേഷമാകും പ്ലാന്റേഷന്‍ നയത്തിന് അന്തിമ രൂപം നല്‍കുകയെന്നു മന്ത്രി പറഞ്ഞു. കേന്ദ്ര തൊഴിലാളി സംഘടനാ നേതാക്കളുടേയും തോട്ടം ഉടമകളുടേയും സംസ്ഥാനത്തെ പൊതുമേഖലാ തോട്ടങ്ങളുടെ ഭാരവാഹികളുടേയും യോഗങ്ങള്‍ പ്രത്യേകം ചേരും. വിവിധ വകുപ്പുകളുടെ ഏകോപനവും പ്ലാന്റേഷന്‍ നയത്തിന്റെ ഭാഗമായുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്. ഇതിനുള്ള നടപടിക്രമങ്ങളും ഒരു മാസംകൊണ്ട് പൂര്‍ത്തിയാക്കും.
തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചാകും പ്രാഥമിക ഘട്ടത്തില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. ചീഫ് പ്ലാന്റേഷന്‍ ഇന്‍സ്പെട്കര്‍, പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ ഭാഗമായി മാറും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.













