തിരുവനന്തപുരം: ജനാധിപത്യപ്രക്രിയ സ്വച്ഛമായി വളരാന്‍ മാധ്യമസ്വാതന്ത്ര്യം ആവശ്യമാണെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് മാധ്യമങ്ങളിലുള്ള വിശ്വാസം തിരിച്ചുകൊടുക്കാന്‍ കഴിയുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘മാധ്യമദിനം 2020’ ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ പുരോഗതിയിലേക്ക് തിരിക്കാനാവുന്ന സംഭവങ്ങളും അനുഭവങ്ങളും മനോഹരമായി അവതരിപ്പിക്കാനാവണം. പ്രളയവും ദുരന്തങ്ങളും വന്നപ്പോള്‍ ഒരു ജനതയെ ആകെ എങ്ങനെ നയിക്കാനാവുമെന്ന് മാധ്യമങ്ങള്‍ കാണിച്ചുതന്നിട്ടുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള കരുത്താണ് മാധ്യമങ്ങള്‍. ഇന്നത്തെക്കാലത്ത് പൊതുപ്രവര്‍ത്തകരെക്കാള്‍ ജനങ്ങള്‍ വിശ്വസിക്കുന്നത് മാധ്യമങ്ങളെയാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ പരമാവധി അറിവ് സമ്പാദിക്കണം. കൈകാര്യം ചെയ്യുന്ന വിഷയത്തെ സംബന്ധിച്ച് വേണ്ടത്ര അറിവില്ലെങ്കില്‍ വല്ലാതെ ലളിതവത്കരിക്കുന്ന അവസ്ഥ വന്നാല്‍ അത് മാധ്യമരംഗത്തിന്റെ വിശ്വാസം തകര്‍ക്കും.
അപ്പപ്പോഴുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഘോഷങ്ങള്‍ക്കപ്പുറം ആ വിഷയങ്ങളിലേക്ക് തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ട്. ബ്രേക്കിംഗ് ന്യൂസുകളുടെ വിസ്ഫോടനാത്മക അന്തരീക്ഷം സൃഷ്ടിക്കല്‍ മാത്രമല്ല വാര്‍ത്ത, പോസിറ്റീവും വികസനോന്‍മുഖവുമായ പത്രപ്രവര്‍ത്തനവുമുണ്ട്. നിയമനിര്‍മാണസഭയിലെ എല്ലാ നിയമങ്ങളും ഒരുപാട് ഗൃഹപാഠം നടത്തിയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ സഭാംഗങ്ങള്‍ നിര്‍ദേശിക്കുന്ന ഭേദഗതികളും മറ്റും വിശദമായി ചര്‍ച്ച ചെയ്താണ് അന്തിമ നിയമത്തിലെത്തുന്നത്. ഇതെല്ലാം മാധ്യമങ്ങള്‍ ഗൗരവകരമായി അറിയിക്കുന്നുണ്ടോ എന്ന് സംശയമാണ്. ജനാധിപത്യത്തിന്റെ കാവലാളുകളില്‍ സുപ്രധാനമായതാണ് മാധ്യമങ്ങള്‍. സമൂഹത്തിന്റെ ആരോഗ്യപരമായ വികാസത്തിന് മാധ്യമങ്ങള്‍ അനിവാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.
ആഴത്തില്‍ അറിവ് ആവശ്യമുള്ള മേഖലയാണ് മാധ്യമമേഖലയെന്നും വാര്‍ത്തകളുടെ പ്രത്യാഘാതങ്ങള്‍ മനസിലാക്കാനുള്ള പക്വത അറിവിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു. ഓരോ പൗരനും ശാസ്ത്രീയ മനോഭാവം, മാനവികതയും, അന്വേഷണ ത്വരയും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നുള്ള ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) ആണ് ഭരണഘടനയില്‍ താന്‍ ഏറെ പ്രസക്തമായി കാണുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് പറഞ്ഞു. കേള്‍ക്കുന്നതെല്ലാം അതേപ്പടി വിഴുങ്ങാതെ യുക്തിപരമായി ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള ശേഷി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യന്‍ ഭരണഘടനയും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post