പാലക്കാട്/കൊച്ചി: ഒരു പുരുഷായുസ്സുമുഴുവന്‍ ദേശീയതയുടെ ബൗദ്ധികതേജസ്സായും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ താത്വികാചാര്യനായും നിറഞ്ഞുനിന്ന ഭാരതാംബയുടെ പ്രിയപുത്രനായ കര്‍മയോഗി പി.പരമേശ്വരന്‍(93) വിടവാങ്ങി. സമൂഹത്തിനുവേണ്ടി നിര്‍ലോഭമായ പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹം ഒരുമാസത്തോളമായി ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമായിരുന്നു അദ്ദേഹം.
1927ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും പൂര്‍ത്തിയാക്കി. ചെറുപ്പം മുതല്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1950 ല്‍ മുഴുവന്‍ സമയപ്രവര്‍ത്തകനായി. 57 ല്‍ ജനസംഖത്തിന്റെ സംഘടനാ സെക്രട്ടറി ചുമതല വഹിച്ചു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി ആര്‍എസ്എസ് പ്രചാരകനായി തുടര്‍ന്നു.
കന്യാകുമാരി വിവേകാന്ദന കേന്ദ്രം അധ്യക്ഷന്‍, ദില്ലി ദീന്‍ ദയാല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. മികച്ച വാഗ്മിയെന്ന നിലയിലും സാഹിത്യകാരനെന്ന നിലയിലും പി.പരമേശ്വരന്‍ അറിയപ്പെട്ടു. അടിയന്തരാവസ്ഥ കാലത്ത് പ്രക്ഷോഭം നടത്തി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2004ല്‍ പത്മശ്രീ പുരസ്‌കാരവും 2018ല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരവും നല്‍കി രാജ്യം പരമേശ്വര്‍ജിയെ ആദരിച്ചു. അമൃതകീര്‍ത്തി പുരസ്‌കാരം ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.
വൈകിട്ട് നാലിന് ഭൗതികശരീരം തിരുവനന്തപുരത്ത് സംസ്‌കൃതി ഭവനിലെത്തിക്കും. നാളെ രാവിലെ 10. 30 വരെ തിരുവനന്തപുരത്ത് പൊതു ദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് മുഹമ്മയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ടരക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം.













