തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2018ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിംഗ്, വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗ്, കാര്‍ട്ടൂണ്‍, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തില്‍ ടിവി റിപ്പോര്‍ട്ടിംഗ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിംഗ്, ന്യൂസ് റീഡിംഗ് എന്നിവയിലുമാണ് അവാര്‍ഡ്.
അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിംഗില്‍ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമല്‍കുമാറിനാണ് അവാര്‍ഡ്. അവയവദാനത്തിന് എന്ത് സംഭവിച്ചു എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ലെനി ജോസഫിനാണ് വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ്. പുഴകള്‍ പുനര്‍ജനിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. മാതൃഭൂമിയിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ സാജന്‍ വി. നമ്പ്യാര്‍ക്കാണ് ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ്. നിപയുമായി ബന്ധപ്പെട്ട ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റിജോ ജോസഫിന് ന്യൂസ് ഫോട്ടോഗ്രഫി പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട ചിത്രത്തിനാണ് അവാര്‍ഡ്. മാധ്യമത്തിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് വി. ആര്‍. രാഗേഷിനാണ് കാര്‍ട്ടൂണ്‍ പുരസ്‌കാരം. ഗാന്ധി @ 150 എന്ന കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചത്.
ടിവി ന്യൂസ് റിപ്പോര്‍ട്ടിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ കെ. അരുണ്‍കുമാറിനാണ് അവാര്‍ഡ്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍പ്പിഷ് തുക സൈബര്‍ തട്ടിപ്പിലൂടെ ചിലര്‍ കൈക്കലാക്കുന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്നതിനാണ് അവാര്‍ഡ്. മീഡിയ വണിലെ റിപ്പോര്‍ട്ടര്‍ ഷിദ ജഗത്തിനും ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യനും സ്പെഷ്യല്‍ ജൂറി പുരസ്‌കാരമുണ്ട്. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ഭിന്നശേഷിക്കാരി നൂര്‍ ജലീലയെക്കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് ഷിദ ജഗത്തിന് പുരസ്‌കാരം. ആള്‍ക്കൂട്ടാക്രമണ കേസുകളെയും അതിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയെയും പിന്തുടര്‍ന്ന് ചെയ്ത വാര്‍ത്തയാണ് ജോഷി കുര്യനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
ടിവി അഭിമുഖത്തിനുള്ള അവാര്‍ഡിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.എസ്. രാജേഷും ഏഷ്യാനെറ്റ് ന്യൂസിലെ കോഓര്‍ഡിനേറ്റിംഗ്് എഡിറ്റര്‍ ജിമ്മി ജെയിംസും അര്‍ഹരായി. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ ഇഷാന്‍ സൂര്യ എന്നിവരുമായി കൗമുദി ചാനലിനായി നടത്തിയ അഭിമുഖത്തിനാണ് വി. എസ്. രാജേഷിന് പുരസ്‌കാരം.
ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാന്‍ വിജേഷ് ജി. കെ. പിയ്ക്കാണ് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള അവാര്‍ഡ്. കെ. എസ്. ആര്‍. ടി. സി ജീവനക്കാരനായ ഗോവിന്ദന്റെ ജീവിതം ചിത്രീകരിച്ചതിനാണ് അവാര്‍ഡ്. മാതൃഭൂമി ന്യൂസിലെ ക്യാമറാമാന്‍ വേണു പി.എസിന് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.
മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍. ശ്രീജയ്ക്കാണ് ടിവി ന്യൂസ് റീഡര്‍ക്കുള്ള അവാര്‍ഡ്. പക്വവും ശാന്തവും വാര്‍ത്തയുടെ മര്‍മ്മം അറിഞ്ഞുള്ള അവതരണവും പരിഗണിച്ചാണ് അവാര്‍ഡ്. മനോരമ ന്യൂസിലെ ചീഫ് വീഡിയോ എഡിറ്റര്‍ അശോകന്‍ പി. ടിയ്ക്കാണ് ടിവി ന്യൂസ് എഡിറ്റിംഗിനുള്ള അവാര്‍ഡ്. പടയണിക്കോലങ്ങളുടെ നിര്‍മാണവും പടയണിയുടെ സൗന്ദര്യാത്മകതയും അന്വേഷിക്കുന്ന ദൃശ്യങ്ങള്‍ ഫലപ്രദമായി സന്നിവേശിപ്പിച്ചതിനാണ് അവാര്‍ഡ്.
ബൈജു ചന്ദ്രന്‍, എസ്. ആര്‍. സഞ്ജീവ്, നീന പ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പി. വി. മുരുകന്‍, കെ. ആര്‍. ബീന, കെ. രവികുമാര്‍, അഡ്വ. എം. എം. മോനായി, കാസിം ഇരിക്കൂര്‍, ലാലു ജോസഫ് എന്നിവരടങ്ങുന്ന ജൂറിയാണ് അച്ചടി മാധ്യമ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പുരസ്‌കാരങ്ങള്‍ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
Discussion about this post