തിരുവനന്തപുരം: അര്‍ഹതാലിസ്റ്റില്‍ സാങ്കേതികകാരണങ്ങളാല്‍ പെടാതെ പോയവരുടെ അര്‍ഹത പരിശോധിച്ച് വീട് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് മിഷന്‍ വഴി രണ്ടു ലക്ഷം വീട് പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതി വഴി വീട് നല്‍കുന്നത് ഇവിടെ പൂര്‍ണമാകുന്നില്ല. നേരത്തെ നിശ്ചയിച്ച അര്‍ഹതാ ലിസ്റ്റില്‍പ്പെട്ടവരാണ് മൂന്നുഘട്ടങ്ങളായി ഉള്‍പ്പെട്ടത്. സാങ്കേതികപ്രശ്‌നങ്ങളാല്‍ ആ ഘട്ടത്തില്‍ അര്‍ഹതാലിസ്റ്റില്‍പ്പെടാത്തവരുണ്ട്. നാലരലക്ഷത്തിലേറെ പേര്‍ക്ക് വീടു ലഭിക്കുമ്പോള്‍ പിന്നീട് ചെറിയ സംഖ്യ മാത്രമേ വീട് ലഭിക്കാനുണ്ടാകൂ. ഇങ്ങനെ വീണ്ടും അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. അര്‍ഹതയുള്ളവരുടെ ലിസ്റ്റ് തയാറാക്കുന്നതിനും ഭവനം നല്‍കുന്നതിനുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ജനങ്ങള്‍ നേരിടുന്ന അനേകം പ്രശ്‌നങ്ങളില്‍ ഒന്നാണ് പാര്‍പ്പിടം. ആ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുംവിധം പരിഹരിക്കുന്നതില്‍ നേതൃത്വം നല്‍കേണ്ടത് ഭരിക്കുന്ന സര്‍ക്കാരിന്റെ ബാധ്യതയാണ്. അതിനെല്ലാവരെയും സഹകരിപ്പിച്ച് അശരണരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പാര്‍പ്പിടം മാത്രമല്ല, മറ്റനേകം പ്രശ്‌നങ്ങളിലും ഇത്തരം ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എം.എ.വൈ റൂറല്‍ മേഖലയില്‍ നല്‍കുന്നത് 75,000 രൂപവരെയാണ്. അതിനൊപ്പം 3,25,000 രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ ഇട്ടാലേ ലൈഫ് വീട് യാഥാര്‍ഥ്യമാകൂ. അര്‍ബന്‍ മേഖലയില്‍ 1,50,000 രൂപ വരെയാണ് നല്‍കുന്നത്. അതിനൊപ്പം രണ്ടരലക്ഷം സര്‍ക്കാര്‍ ലൈഫിനായി നല്‍കണം.
കേവലം വീടു മാത്രമല്ല, അവരുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കാനാവുന്ന ജീവസന്ധാരണ മാര്‍ഗമുണ്ടാവുക എന്നത് പ്രധാനമാണ്. ലൈഫിന്റെ ഭാഗമായി വീടുകള്‍ അനുവദിച്ചത് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. അര്‍ഹത ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ആലംബഹീനര്‍, മാനസികബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് പരിഗണന നല്‍കി.
എല്ലാ വിഷയങ്ങളിലും ബഹിഷ്‌കരണം തുടരാതെ ജനകീയ പ്രശ്‌നങ്ങളില്‍ സഹകരിക്കാന്‍ പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ തയാറാകണം.
എന്നാല്‍ നമ്മുടെ നാടിന്റെ ഒരുമയും കരുത്തും നഷ്ടപ്പെട്ടിട്ടില്ല. നെഗറ്റീവ് നിലപാടുകള്‍ ജനങ്ങളെയോ സമൂഹത്തെയോ ബാധിച്ചിട്ടില്ല. നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവരെ ചരിത്രം കുറ്റക്കാരെന്ന് വിലയിരുത്തും. നാടിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ ഒന്നിച്ചു നീങ്ങാനാകണം. തര്‍ക്കിക്കാനുള്ള വിഷയങ്ങളില്‍ തര്‍ക്കമാകാം. എല്ലാ അര്‍ഥത്തിലും ലൈഫ് പദ്ധതിയിലൂടെ ജനങ്ങളെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
ചടങ്ങില്‍ തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നന്ദിയും പറഞ്ഞു.
Discussion about this post