തിരുവനന്തപുരം: ഗവേഷണരംഗത്തെ അതുല്യ സംഭാവനകള്‍ നല്‍കുന്ന കേരളീയര്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൈരളി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൊഫ. എം. വിജയന്‍, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ എന്നിവരാണ് പ്രഥമ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു.
പ്രമുഖ ശാസ്ത്രജ്ഞര്‍ക്ക് സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന കൈരളി ഗ്ലോബല്‍ ലൈഫ്ടൈം അച്ചീവ്മെന്റ് പ്രൈസ് ഫോര്‍ റിസര്‍ചേഴ്സ് പുരസ്‌കാരം ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അധ്യാപകനും ഗവേഷകനുമായിരുന്ന പ്രൊഫ. എം. വിജയനും കൈരളി ലൈഫ്ടൈം അച്ചീവ്മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്സ് പുരസ്‌കാരം അധ്യാപകന്‍, കവി, ചരിത്രകാരന്‍, സാഹിത്യകാരന്‍, പരിഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ. പുതുശ്ശേരി രാമചന്ദ്രനുമാണ്.
ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കേരളീയരായ പ്രമുഖ ഗവേഷകര്‍ക്ക്/ ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന കൈരളി ഗ്ലോബല്‍ ലൈഫ്ടൈം അച്ചീവ്മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്സ് ജേതാവിന് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കും.
വിവിധ ശാസ്ത്ര ശാഖകള്‍, സാമൂഹ്യശാസ്ത്ര ശാഖകള്‍, ആര്‍ട്സ്, മാനവിക വിഷയങ്ങള്‍ എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് കേരളത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഗവേഷകര്‍ക്ക്/ ശാസ്ത്രജ്ഞര്‍ക്ക് ഏര്‍പ്പെടുത്തിയ കൈരളി ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവിന് രണ്ടര ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക.
ജീവശാസ്ത്ര രംഗത്തെ അതുല്യ സംഭാവനകള്‍ക്ക് ഉടമയാണ് ചേര്‍പ്പ് സ്വദേശിയായ പ്രൊഫ. എം. വിജയന്‍. 2004ല്‍ പദ്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2007 മുതല്‍ 2010 വരെ ദേശീയ ശാസ്ത്ര അക്കാദമിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. ശാന്തി സ്വരൂപ് ഭട്നാഗര്‍ പുരസ്‌കാരം ഉള്‍പ്പെടെ ദേശീയ-അന്തര്‍ദേശീയ പ്രശസ്തമായ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
മലയാളമുള്‍പ്പെടുന്ന ദ്രാവിഡ ഭാഷകളെ സംബന്ധിക്കുന്ന ഗവേഷണങ്ങളില്‍ അഗ്രഗാമിയാണ് ഡോ. പുതുശ്ശേരി രാമചന്ദ്രന്‍. ഭാഷാ അധ്യാപകനായും കവിയായും പരിഭാഷകനായും ഭാഷാ ഗവേഷണ രംഗത്തെ നിരവധി പ്രസ്ഥാനങ്ങളുടെ ചുമതലക്കാരനായും ഏഴു പതിറ്റാണ്ടുകളായി കേരളീയ ഭാഷാ സാഹിത്യ രംഗങ്ങളിലെ നിറസാന്നിധ്യമാണദ്ദേഹം. എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ്, ഭാഷാ സമ്മാന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
അവാര്‍ഡുകളുടെ നിര്‍വഹണ ചുമതല കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനാണ്. ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. പി. ബലറാം അധ്യക്ഷനും പ്രൊഫ. പ്രഭാത് പട്നായിക്, ഡോ. കെ. സച്ചിദാനന്ദന്‍, ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ. ഇ.ഡി. ജെമ്മീസ് എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.














Discussion about this post