തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി പാര്‍പ്പിട പുനരധിവാസ പദ്ധതി ‘പുനര്‍ഗേഹ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുംമുഖത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. അവരുടെ സുരക്ഷയും സാമൂഹ്യപരിരക്ഷയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കഠിനമായ ജീവിതദുരിതങ്ങളിലേക്ക് അവര്‍ വലിച്ചെറിയപ്പെടില്ല എന്നുറപ്പാക്കും. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായപ്പോള്‍ ജീവന്‍ പോലും തൃണവത്ഗണിച്ച് സമൂഹത്തിന്റെയാകെ രക്ഷകരായി മുന്നിട്ടിറങ്ങിയവരാണവര്‍. സമാനതകളില്ലാത്ത പ്രവൃത്തിയിലൂടെ നാടിന്റെ സേനയായവരെ ഏതുരീതിയിലും സംരക്ഷിക്കും. തൊഴില്‍ സൗകര്യത്തിനാണ് മത്സ്യത്തൊഴിലാളികള്‍ കൂടുതലായി തീരത്തിന് സമീപം താമസിക്കുന്നത്. അവര്‍ക്ക് പാര്‍പ്പിടസുരക്ഷ ഉറപ്പാക്കാന്‍ ‘പുനര്‍ഗേഹം’ പദ്ധതിയിലൂടെ കഴിയും. ഭൂമി വാങ്ങി വീടുവയ്ക്കാന്‍ ഭൂമിക്ക് ആറുലക്ഷവും വീടിന് നാലുലക്ഷവും എന്ന കണക്കില്‍ 10 ലക്ഷമാണ് നല്‍കുന്നത്. സ്ഥലം കണ്ടുപിടിക്കാന്‍ കഴിയാത്തവര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച് താമസിക്കാന്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ ആദ്യഘട്ടം 8487ഉം, രണ്ടും മൂന്നും ഘട്ടങ്ങളില്‍ 5099 വീതവും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.
ഓഖി ദുരന്തമുണ്ടായപ്പോഴും മത്സ്യത്തൊഴിലാളികളെ ആകാവുന്നിടത്തോളം ചേര്‍ത്തുനിര്‍ത്തി സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കി. മരിച്ചവരോ കാണാതായവരോ ആയവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം വീതം ധനസഹായം സമയബന്ധിതമായി നല്‍കി. നഷ്ടപ്പെട്ട ഭവനങ്ങള്‍ പുനഃസ്ഥാപിക്കാനും ദുരന്തബാധിതരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കാനും ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കാനും സര്‍ക്കാരിന് കഴിഞ്ഞു. നഷ്ടപ്പെട്ടതും കേടുവന്നതുമായ മത്സ്യബന്ധനോപാധികള്‍ക്ക് ധനസഹായം നല്‍കി. ഉപാധികള്‍ ഇനിയും പുനഃസ്ഥാപിക്കാന്‍ കഴിയാത്തവര്‍ക്കാണ് 120 എഫ്.ആര്‍.പി മത്സ്യബന്ധന യൂണിറ്റുകള്‍ ഇപ്പോള്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.














Discussion about this post