തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിലെ 4 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും കൂടി നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 ബാധിച്ചതായി മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍ ഹൈ റിസ്‌കിലുള്ളവരാണ്.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭയപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 980 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 815 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 9 പരിശോധനകള്‍ നടത്തി. അവയെല്ലാം നെഗറ്റീവാണ്. തിരുവനന്തപുരത്ത് ബുധനാഴ്ച മുതല്‍ പരിശോധന തുടങ്ങും. തൃശൂര്‍ മെഡിക്കല്‍ കോളേജിലും രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലുംസംസ്ഥാന പബ്ളിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള അനുമതി കേന്ദ്രത്തോടു ചോദിച്ചിട്ടുണ്ട്.
Discussion about this post