തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവരേയും പോകുന്നവരേയും വിമാനത്താവളങ്ങളില്‍ കര്‍ശനമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ്-19 നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലെയും മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.
ആഭ്യന്തര യാത്രക്കാരേയും പരിശോധിക്കും. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് പുറത്തെത്താന്‍ ധൃതിയുണ്ടാവും. ഇത് പരിഗണിച്ച് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കണം. കൂടുതല്‍ പരിശോധന കേന്ദ്രങ്ങളും സംഘങ്ങളെയും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കും. കൂടുതല്‍ എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണം. കസ്റ്റംസ് പരിശോധനയ്ക്കും കൂടുതല്‍ സൗകര്യം ഉണ്ടാവണം.
വിമാനത്താവളങ്ങളില്‍ തിക്കും തിരക്കും ഉണ്ടാകാതെ ശ്രദ്ധിക്കണം. രോഗലക്ഷണം ഉള്ളവരെ ആംബുലന്‍സില്‍ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വിദേശയാത്രക്കാരെ, വീടുകളില്‍ ഐസോലേഷനില്‍ ആക്കണം. പോലീസിന്റെ മേല്‍നോട്ടത്തില്‍ അവരെ വീടുകളില്‍ എത്തിക്കണം.
വീടുകളില്‍ ഐസോലേഷനില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ടവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ആരോഗ്യ വകുപ്പിന്റെ സെല്ലില്‍ അറിയിക്കണം. വിമാനത്താവളങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിന് കര്‍ശനമായ നടപടി വേണം. യാത്രയയ്ക്കാനും സ്വീകരിക്കാനും ഒരുപാട് പേര്‍ എത്തുന്നത് തടയണം. വിദേശത്തുനിന്ന് വന്ന് ഹോം ക്വാറന്റൈനില്‍ പോകുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിമാനത്താവളത്തില്‍ നിന്നു തന്നെ നല്‍കണം. വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആംബുലന്‍സ് ലഭ്യമാക്കും. ഐ.എം.എ ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.














Discussion about this post