ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ മറവില്‍ പോലീസ് നടപടി അതിരുവിടുന്നുവെന്ന് പരാതികള്‍. ഉത്തര്‍പ്രദേശിലെ ബുദൗന്‍ ടൗണില്‍ വീട്ടിലേക്ക് നടന്ന് പോയ തൊഴിലാളികളോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെയും ഡല്‍ഹിയില്‍ വഴിയോര കച്ചവടക്കാരുടെ സാധാനങ്ങള്‍ റോഡിലേക്ക് മറിച്ചിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചു. ഉത്തര്‍പ്രദേശില്‍ തൊഴിലാളികളെ തടഞ്ഞ് നിര്‍ത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ ഇവരോട് നിലത്ത് കൈ കുത്തി ചാടി പോകുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇവര്‍ പറയുന്നത് കേള്‍ക്കുവാന്‍ തയാറാകാതെയായിരുന്നു ഉദ്യോഗസ്ഥന്റെ ക്രൂരത. ഈ സമയം മറ്റ് മുതിര്‍ന്ന് ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവര്‍ ഇടപെട്ടില്ല. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ നടപടി നാണക്കേട് ഉണ്ടാക്കുന്നതാണെന്നും ഖേദിക്കുന്നുവെന്നും ഉന്നത പോലീസ് അധികൃതര്‍ പറഞ്ഞു. ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും മേലുദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ സ്വന്തം വീടുകളിലേക്ക് പോകുവാന്‍ സാധിക്കാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത്. രാജ്യതലസ്ഥാനത്തും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ രഞ്ജിത് നഗറില്‍ ലോക്ക് ഡൗണ്‍ പരിശോധനകള്‍ക്കിടെ വഴിയോര കച്ചവടക്കാരുടെ സാധനങ്ങള്‍ റോഡിലേക്ക് തള്ളിയിട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. രജ്ബീര്‍ എന്ന പോലീസ് കോണ്‍സ്റ്റബിള്‍ ആണ് പച്ചക്കറി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ റോഡിലേക്ക് തള്ളിയിട്ടത്.













