തിരുവനന്തപുരം: കോവിഡ് 19നെ നേരിടുന്നതിന് 22നും 40 നുമിടയില്‍ പ്രായമുള്ളവരുടെ സന്നദ്ധസേനയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ 2,36,000 പേരടങ്ങുന്ന സന്നദ്ധസേനയെ രംഗത്തിറക്കും. 941 പഞ്ചായത്തുകളില്‍ 200 വീതവും 87 മുനിസിപ്പാലിറ്റികളില്‍ 500വീതവും ആറ് കോര്‍പറേഷനുകളില്‍ 750 വീതവും സന്നദ്ധപ്രവര്‍ത്തകര്‍ ഉണ്ടാവും. സന്നദ്ധ സേനയില്‍ അംഗമാകാന്‍ സന്നദ്ധം എന്ന വെബ് പോര്‍ട്ടലിലൂടെ (sannadham.kerala.gov.in) ഓണ്‍ലൈനിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി യുവാക്കള്‍ അര്‍പ്പണബോധത്തോടെ മുന്നോട്ടുവരണം.
ഇവര്‍ക്ക് വ്യത്യസ്ത ചുമതലകള്‍ നിറവേറ്റണ്ടതായി വരും. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീട്ടിലെത്തിക്കുന്നതിനും സന്നദ്ധസേനാംഗങ്ങളുടെ സഹായം വേണ്ടിവരും. ആശുപത്രിയില്‍ കൂട്ടിരിക്കുന്നതിനും പ്രാദേശിക ഉത്പന്നങ്ങളുടെ വിതരണം ക്രമമായി നടത്തുന്നതിനും മറ്റു സംവിധാനങ്ങളില്‍ നിന്ന് വിട്ടുപോയവരെ കണ്ടെത്തി സഹായം എത്തിക്കുന്നതിനും ഇവരുടെ സഹായം പ്രയോജനപ്പെടുത്തും. സന്നദ്ധസേനാംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. യാത്രാചെലവ് തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കും. നിലവിലുള്ള സാമൂഹ്യ സന്നദ്ധ സേനയുടെ ഭാഗമായി ഇവരെ മാറ്റും. പ്രാദേശികമായി ഇവര്‍ക്ക് പരിശീലനം നല്‍കും. ആശുപത്രിയിലുള്ളവര്‍ക്ക് കൂട്ടിരിക്കുന്നതിനായി യുവജന കമ്മീഷന് ഒറ്റ ദിവസം കൊണ്ട് 1465 സന്നദ്ധ പ്രവര്‍ത്തകരെ തയ്യാറാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post