തിരുവനന്തപുരം: വിവിധ ജില്ലകളിലെ കൊയ്ത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊയ്ത്ത് നടത്താന്‍ സാധിക്കാത്ത സാഹചര്യം പരിഹരിക്കാനായാണ് രണ്ടു മന്ത്രിമാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇതേതുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ കൂടി സാന്നിധ്യത്തില്‍ മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്ത് പരിഹരിച്ചതായി മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
നിലവില്‍ കൊയ്ത്തു നടത്താന്‍ യാതൊരു തടസ്സവും ഇല്ല. കൊയ്ത്തും സംഭരണവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ കയറ്റ് കൂലി പ്രശ്‌നങ്ങള്‍ വിവിധ തൊഴിലാളി സംഘടനാ നേതാക്കളുമായു ചര്‍ച്ച ചെയ്ത് തീരുമാനമായി. സംസ്ഥാനത്ത് കൊയ്ത്ത് നടത്താനായി ഡ്രൈവര്‍മാരെയും ഓപ്പറേറ്റര്‍മാരെയും കൊയ്ത്ത് ഉപകരണങ്ങളും ലഭിക്കാത്ത സാഹചര്യം ബന്ധപ്പെട്ടവരുമായും ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ഇതോടെ കൊയ്ത്ത് സുഗമമായി നടക്കുമെന്ന് മന്ത്രി അറിയിച്ചു.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെയുള്ള ചരക്ക് ലോറികളുടെ ഗതാഗതം സുഗമമാക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി മന്ത്രി എ. കെ ബാലന്‍ പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും കൂടിക്കാഴ്ച നടത്തിയതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പലചരക്കു സാധനങ്ങള്‍ എത്തുന്നതിനുള്ള തടസ്സം പരിഹരിക്കാനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചരക്ക് വാഹനങ്ങള്‍ പുറത്തുനിന്ന് വരുന്നതിന് യാതൊരു തടസ്സവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. കഴിഞ്ഞദിവസം 860 ചരക്ക് വാഹനങ്ങള്‍ അതിര്‍ത്തി കടന്നിട്ടുണ്ട്.
Discussion about this post