തിരുവനന്തപുരം: സംസ്ഥാനത്തു ഭക്ഷ്യ ദൗര്‍ലഭ്യമുണ്ടാകില്ലെന്നും മൂന്നു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ടെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം നിര്‍വഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
1.18 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് ഒരു മാസത്തേക്കു കേരളത്തിലെ പൊതുവിതരണത്തിനായി എഫ്.സി.ഐ. ഗൗഡൗണുകളില്‍നിന്ന് സിവില്‍ സപ്ലൈസ് സംഭരണ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഏപ്രില്‍ മാസത്തേക്കുള്ള ധാന്യം മാര്‍ച്ച് 15നു മുന്‍പുതന്നെ സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. മേയില്‍ വിതരണം ചെയ്യാനുള്ളത് ലിഫ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് ഏപ്രില്‍ 10നുള്ളില്‍ പൂര്‍ത്തിയാക്കും. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും 15 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കേന്ദ്ര പൂളില്‍നിന്ന് അധിക തുക നല്‍കിയാണ് സര്‍ക്കാര്‍ ഇതിനുള്ള 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ശേഖരിക്കുന്നത്. 130 കോടി രൂപ ഇതിനു മാത്രം ചെലവു വരും. 74000 മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്നു കേന്ദ്രത്തോടു സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും അതിനു കഴിയില്ലെന്നാണു കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള സൗജന്യ റേഷന്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു മാത്രമാണു ലഭിക്കുന്നത്. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള സൗജന്യ റേഷനുള്ള ബാധ്യത കേരളം തന്നെ വഹിക്കേണ്ടിവരും.
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് അഞ്ചു കിലോ ഭക്ഷ്യധാന്യം നല്‍കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ധാന്യം വിതരണം ചെയ്യാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിക്കുകയാണ്. ഇതിനായി 2.31 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് അടുത്ത രണ്ടു മാസത്തിനുള്ളില്‍ സംഭരിക്കേണ്ടിവരുന്നത്. സംസ്ഥാനത്തിന് അടുത്ത ആറു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യം നിലവില്‍ എഫ്.സി.ഐ. ഗൗഡൗണുകളിലുണ്ട്. എഫ്.സി.ഐ ഗോഡൗണുകളില്‍നിന്ന് സിവില്‍ സപ്ലൈസ് സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെനിന്ന് റേഷന്‍ കടകളിലേക്കും യഥാസമയം ഭക്ഷ്യധാന്യങ്ങളെത്തിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനു പുറമേയാണ് 87 ലക്ഷം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ ഒരുക്കേണ്ടത്. ഇതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നതിനുള്ള നടപടികളും നടക്കുന്നു.
കമ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കുന്നുണ്ട്. സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ സംസ്ഥാനത്തെ റേഷന്‍ കടകളില്‍നിന്നു സാധനങ്ങള്‍ വാങ്ങാം. നിലവില്‍ രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍നിന്നുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണു രാജ്യത്ത് എവിടെനിന്നും ഭക്ഷ്യധാന്യം വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കു വരവ് കുറഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. തമിഴ്നാട്ടില്‍നിന്ന് പച്ചക്കറി വരുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയത് ആശ്വാസകരമാണ്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള നടപടികള്‍ സിവില്‍ സപ്ലൈസ് വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ലീഗല്‍ മെട്രോളജി വിഭാഗം കടകളില്‍ പരിശോധന നടത്തുന്നുണ്ട്. കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍. റെഡ്ഡി, ദിവ്യ എസ്. അയ്യര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.














Discussion about this post