തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നു ശേഷം കേന്ദ്ര സര്‍ക്കാര്‍ നീട്ടിയാല്‍ കേരളം അനുകൂലിക്കുമെന്നാണ് സൂചന. അതേസമയം സംസ്ഥാനങ്ങള്‍ക്കു പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഇളവ് അനുവദിക്കാന്‍ അനുമതി വേണമെന്നാണു സംസ്ഥാനത്തിന്റെ നിലപാട്. ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഇക്കാര്യം വ്യക്തമാക്കുമെന്നാണു സൂചന. ലോക്ക്ഡൗണ്‍ നീട്ടുന്നതിനെ തത്കാലം എതിര്‍ക്കേണ്ടതില്ലെന്നാണു സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍ അടക്കമുള്ളവരുടെ പൊതു അഭിപ്രായം. സംസ്ഥാനത്തു കോവിഡ് നിയന്ത്രണവിധേയമാണെങ്കിലും ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗവ്യാപനമുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം മലയാളികളുടെ തള്ളിക്കയറ്റം കേരളത്തിനു ഭീഷണിയാകുമെന്നാണു വിലയിരുത്തല്‍. ഇതിനാലാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചവരെ നീട്ടുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന വിലയിരുത്തല്‍. എന്നാല്‍, സംസ്ഥാനത്തിന്റെയും വ്യവസായ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സാമ്പത്തികസ്ഥിതിയില്‍ പ്രതിസന്ധി നേരിടുന്ന അവസ്ഥയില്‍ ഇളവും നിയന്ത്രണങ്ങളും അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെടും. സംസ്ഥാനത്തിന്റെ ദിനംപ്രതിയുള്ള ധനാഗമമാര്‍ഗങ്ങള്‍ വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി തുറന്നുകൊടുക്കാന്‍ കഴിയണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. അതേസമയം അനാവശ്യമായി പുറത്തിറങ്ങുവാന്‍ ആരേയും അനുവദിക്കില്ല. സമൂഹവ്യാപനം തടയുന്നതിനായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളോടെയായിരിക്കും ഇളവുകള്‍ അനുവദിക്കുന്നത്. ഘട്ടം ഘട്ടമായുള്ള നിയന്ത്രണനീക്കത്തിനാണ് സംസ്ഥാനം ഒരുങ്ങുന്നത്.














Discussion about this post