തിരുവനന്തപുരം: കോവിഡ് 19 ഹോട്ട്സ്പോട്ടുകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കേരളം ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
ഹോട്ട്സ്പോട്ട് അല്ലാതെയുള്ള സ്ഥലങ്ങളില്‍ ശാരീരിക അകലം ഉറപ്പുവരുത്തി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു. കോവിഡ് 19 ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് തിരികെപ്പോകാന്‍ സമയമായിട്ടില്ല. കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
3.85 ലക്ഷം അതിഥിതൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ യാത്രാസൗകര്യം ഏപ്രില്‍ 14ന് ശേഷം ഏര്‍പ്പെടുത്തണം. ഇതിനായി പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം. വരുമാനമില്ലാതെ കഷ്ടപ്പെടുന്ന ഇത്തരം തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ സഹായം ലഭ്യമാക്കണം. ഓരോഘട്ടവും സൂക്ഷ്മമായി വിലയിരുത്തി പടിപടിയായി വേണം നിയന്ത്രണം പിന്‍വലിക്കേണ്ടത്. സഞ്ചാരം അനിയന്ത്രിയമായാല്‍ കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാകും.
പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. എംബസികള്‍ കൃത്യമായ ഇടവേളകളില്‍ ബുള്ളറ്റിനുകള്‍ ഇറക്കണം. ഹ്രസ്വകാല പരിപാടികള്‍ക്കും വിസിറ്റിംഗ് വിസയിലും വിദേശരാജ്യങ്ങളിലെത്തി അവിടെ കുടുങ്ങിപ്പോയവരെ അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുന്നത് പരിഗണിക്കണം.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ സാമ്പത്തിക സഹായത്തിനായി ബൃഹദ്പദ്ധതി വേണമെന്നും കേരളം ആവശ്യപ്പെട്ടു. കോവിഡ് രോഗത്തെ ഇ. എസ്. ഐ പരിധിയില്‍ പരിഗണിച്ച് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്ന നിലയുണ്ടാവണം. പൊതുവിതരണ സമ്പ്രദായം ഇന്ത്യയാകെ സാര്‍വത്രികമാക്കണം. അടുത്ത മൂന്ന് മാസത്തേക്ക് കേരളത്തിന് ആവശ്യമുള്ള 6.45 ലക്ഷം ടണ്‍ അരിയും 54000 ടണ്‍ ഗോതമ്പും ലഭ്യമാക്കണം. ഉത്പാദന കേന്ദ്രത്തില്‍ നിന്ന് ധാന്യവും പഴവര്‍ഗങ്ങളും വിപണിയിലെത്തിക്കുന്നതിന് കേരളത്തിലേക്ക് കൂടുതല്‍ ചരക്ക് ട്രെയിനുകള്‍ റെയില്‍വേ അയയ്ക്കണം.
സംസ്ഥാനത്തിന്റെ വായ്പപരിധി ഉയര്‍ത്തല്‍, പ്രത്യേക പാക്കേജ് തുടങ്ങിയ ആവശ്യങ്ങളും പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.














Discussion about this post