ലക്‌നോ: ലോക്ക്ഡൗണ്‍ പാലിച്ച് ജനങ്ങളെ വീട്ടിലിരുത്താന്‍ യമരാജന്‍റെ വേഷത്തില്‍ ഉത്തര്‍പ്രദേശ് പോലീസ്. ലക്‌നോവില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ ബഹരായിചയിലാണ് സംഭവം അരങ്ങേറിയത്. നിയമങ്ങള്‍ ലംഘിച്ച് വീടുവിട്ടിറങ്ങുന്നവരെ നരകത്തില്‍ ലോക്ക്ഡൗണിലാക്കുമെന്ന സന്ദേശവുമായാണ് ‘കാലന്‍’ തെരുവില്‍ ഇറങ്ങിയത്. പോലീസുകാരുടെ നടുവില്‍ മൈക്കിലൂടെയായിരുന്നു കാലന്റെ അനൗണ്‍സ്‌മെന്റ്. ‘ഞാന്‍ യമരാജന്‍. ഞാന്‍ കൊറോണ വൈറസുമാണ്. നിങ്ങള്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു മനുഷ്യനും ഈ ഗ്രഹത്തില്‍ അവശേഷിക്കുകയില്ല. എല്ലാവരുടെയും മരണത്തിന് ഞാന്‍ കാരണമാകും. നിങ്ങള്‍ അശ്രദ്ധനായി പെരുമാറിയാല്‍, ഞാന്‍ നിങ്ങളെ കൂടെ കൊണ്ടുപോകും’-യമരാജന്‍ മൈക്കിലൂടെ ഓരോ തെരുവിലുമെത്തി വിളിച്ചു പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി ആരും പുറത്തുകടക്കരുത്. തൂവാല മാസ്‌കായി ഉപയോഗിക്കാം. സോപ്പ് ഉപയോഗിച്ച് നിങ്ങളുടെ കൈകള്‍ വൃത്തിയാക്കുക. സാനിറ്റൈസര്‍ ഉപയോഗിക്കുക, പരസ്പരം ഒന്നോ രണ്ടോ മീറ്റര്‍ ദൂരം അകലം പാലിക്കുക. ഇത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കും. സമൂഹ അകലം പാലിക്കാനുള്ള നിയമം ആരെങ്കിലും തെറ്റിച്ചാല്‍ അവരെ അധോലോകത്തില്‍ ലോക്ക്ഡൗണിലാക്കും-കാലന്‍ പറയുന്നു. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹരായിച പോലീസാണ് വേറിട്ട രീതിയില്‍ കാലനെയിറക്കി പ്രചരണം നടത്തിയത്. ബൗണ്ടി പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ ലാവ്കുഷ് മിശ്രയായിരുന്നു യമരാജനായി വേഷമിട്ടത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ വേറിട്ട നടപടി.













Discussion about this post