തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 പരിശോധനയ്ക്ക് റാപിഡ് ആന്റിബോഡി ടെസ്റ്റിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറങ്ങി. ആരോഗ്യപ്രവര്‍ത്തകരും, പൊലീസുകാരും ഉള്‍പ്പടെയുള്ള ഒന്നാം നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് റാപിഡ് ആന്റിബോഡി ടെസ്റ്റില്‍ മുന്‍ഗണന നിശ്ചയിട്ടുള്ളത്. 20 മിനിറ്റിനുള്ളില്‍ ഫലമറിയാനാവുന്ന പരിശോധനയാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്.
ആന്റിബോഡിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് കൊവിഡ് 19 വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുന്ന രീതിയാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്. സംസ്ഥാനത്ത് നേരത്തെ നടന്ന റാപിഡ് ടെസ്റ്റുകളില്‍ സ്രവമാണ് രോഗിയില്‍ നിന്ന് ശേഖരിച്ചിരുന്നതെങ്കില്‍, ആന്റിബോഡി ടെസ്റ്റില്‍ രക്തമാണ് എടുക്കുക. ഗര്‍ഭപരിശോധന സ്ട്രിപ്പിന്റെ മാതൃകയില്‍ ഒരു തുള്ളി രക്തം വീണാല്‍ 20 മിനിറ്റിനുള്ളില്‍ കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡികളുടെ സാന്നിധ്യമുണ്ടോ എന്നറിയാം.
ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് ഈ പരിശോധന തുടങ്ങാനാകുമെന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അനുപാതം അനുസരിച്ചാണ് കിറ്റുകള്‍ ജില്ലകള്‍ക്കായി വിഭജിക്കുക. ആരോഗ്യപ്രവര്‍ത്തകള്‍ക്കാണ് പ്രാഥമിക മുന്‍ഗണന. കൊവിഡ് 19 രോഗികളുമായി നേരിട്ട് ഇടപഴകിയ ആരോഗ്യപ്രവര്‍ത്തകായി ആദ്യ 25000 കിറ്റുകള്‍ ഉപയോഗിക്കും. നേരിട്ട് ഇടപഴകിയിട്ടില്ലാത്തവര്‍ക്കായി 15000 കിറ്റുകള്‍ മാറ്റിവയ്ക്കും.
പൊലീസുകാര്‍, ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, അംഗനവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് അടുത്ത പരിഗണന. 20000 കിറ്റുകള്‍ ഇതിനായി ചെലവഴിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി 25000 കിറ്റുകളും, അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കായി 20000 കിറ്റുകളും ഉപയോഗിക്കും. ആന്റിബോഡി ടെസ്റ്റുകള്‍ ഫലപ്രദമാണോ എന്ന് ഉറപ്പിക്കാനായി നിലവിലുള്ള കൊവിഡ് 19 രോഗികളില്‍ സാമ്പിള്‍ ടെസ്റ്റ് നടത്തണം. ഈ ഫലങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ തുടര്‍പരിശോധനകള്‍ നടത്തുകയുള്ളൂ. ജീല്ലാ കളക്ടര്‍ക്കും അഡീഷണല്‍ ഡിഎച്ച്എസിനുമാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നതിനുള്ള ചുമതല.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ആന്റിബോഡ് ടെസ്റ്റ് കിറ്റുകള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം കിറ്റുകളോടെ ആന്റിബോഡി ടെസ്റ്റ് തുടങ്ങാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും സമൂഹ വ്യാപന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയുന്നതിനും കൂടിയാണ് ആന്റിബോഡി ടെസ്റ്റുകള്‍ നടത്തുന്നത്.
Discussion about this post