ന്യൂഡല്‍ഹി: രാജ്യത്ത് 19 ദിവസം കൂടി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മെയ് മൂന്നു വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. മുന്‍പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. തീവ്രബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് കൂടുതല്‍ തീവ്രബാധിത പ്രദേശങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുത്. 20ന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ അവലോകനം ചെയ്യേണ്ടതുണ്ട്. രോഗ്യവ്യാപനം കുറയുന്ന ഇടങ്ങളില്‍ 20ന് ശേഷം നിബന്ധനകള്‍ക്ക് വിധേയമായി ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ബുധനാഴ്ച പുറത്തിറക്കും. പാവപ്പെട്ടവരുടെ സംരക്ഷണത്തിനായിരിക്കും മാര്‍ഗരേഖയില്‍ ഊന്നല്‍ നല്‍കുക. ആരും ലക്ഷമണരേഖ ലംഘിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡിനെതിരേ പോരാടാന്‍ ഏഴു നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കണമെന്നും മുതിര്‍ന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ജോലിയില്‍നിന്ന് ആരെയും പിരിച്ചു വിടരുത്, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക, പ്രതിരോധശേഷി വര്‍ധിപ്പിക്കുക, യാത്രാ നിയന്ത്രണങ്ങള്‍ തുടരുക എന്നിവയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍.













Discussion about this post