ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരണമെന്നു കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കാനാവില്ലെന്നു സുപ്രീംകോടതി. കൊറോണ വ്യാപനം തുടരുന്നതിനാല്‍ യാത്രാവിലക്ക് മാറ്റി പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ ഇപ്പോള്‍ കഴിയില്ലെന്ന കേന്ദ്രനിലപാട് അംഗീകരിച്ചാണ് കോടതിയുടെ നടപടി. പ്രവാസികള്‍ ഇപ്പോള്‍ എവിടെയാണോ അവിടെത്തന്നെ തുടരാന്‍ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലുള്ള തൊഴിലാളികളില്‍ ഗര്‍ഭിണികളെയും മറ്റു വൈദ്യസഹായം ആവശ്യമുള്ളവരെയും അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരെയും കണ്ടെത്തുന്നതിനു പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നതടക്കം എം.കെ.രാഘവന്‍ എംപി നല്‍കിയ നിര്‍ദേശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സോളിസിറ്റര്‍ ജനറലിനോടു നിര്‍ദേശിച്ചു. എം.കെ. രാഘവന്‍ എംപിക്കു പുറമേ പ്രവാസി ലീഗല്‍ സെല്‍ നല്‍കിയതടക്കം ഏഴ് ഹര്‍ജികളാണ് ചീഫ് ജസ്റ്റീസും ജസ്റ്റീസ് എല്‍. നാഗേശ്വര്‍ റാവുവും ഉള്‍പ്പെട്ട ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിഗണിച്ചത്. ബ്രിട്ടനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ തിരികെയെത്തിക്കണമെന്ന ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയച്ചിരുന്നു. വിദേശത്തുള്ള ആരെയും ഉടന്‍ ഇന്ത്യയിലെത്തിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.
Discussion about this post