തിരുവനന്തപുരം: ലോറികളിലടക്കം വിവിധ വാഹനങ്ങളില്‍ നിരവധി പേര്‍ ഒളിച്ചുകടക്കുന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം. ലോക്ക്ഡൗണിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ ഊടുവഴികള്‍ അടച്ചെങ്കിലും ഇപ്പോഴും പലരും ഒളിച്ചുകടക്കുന്നതിനാലാണ് കടുത്ത നടപടി ആരംഭിച്ചത്. പ്രവാസികള്‍ കൂടി മടങ്ങിയെത്തുന്നതോടെ സ്ഥിതി കൈവിട്ടു പോകാം. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ഇതുവരെ സ്വീകരിച്ച കടുത്ത നിലപാടില്‍ പെട്ടന്ന് ഇളവ് അനുവദിച്ചാല്‍ സ്ഥിതി മോശമാകും. സംസ്ഥാനത്തു കോവിഡ് വ്യാപനത്തിനുള്ള സാധ്യത ആശങ്കാജനകമായി തുടരുകയാണെന്നും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ലെന്നും മന്ത്രിസഭ വിലയിരുത്തി. സംസ്ഥാനത്തെ ഒരു ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ്. ലോറികളില്‍ ഒളിച്ചുകടന്ന നിരവധി കേസുകളാണ് മറ്റൊരു അതിര്‍ത്തി ജില്ലയില്‍ പിടികൂടിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ലോറിയില്‍ ക്ലീനറുടെ വേഷത്തിലും മറ്റും ധാരാളം പേര്‍ എത്തുന്നതിനാല്‍ എല്ലാ ചരക്കു വാഹനങ്ങളും വളരെ വിശദമായി പരിശോധിക്കും. ലോറിയിലുള്ള ഡ്രൈവര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരെയും പരിശോധിച്ച ശേഷം അവര്‍ എവിടേക്കു പോകുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷിക്കും. ഡിഎംഒയ്ക്കാണ് നിരീക്ഷണ ചുമതല.
കേരളത്തോടു ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാട് ജില്ലകളില്‍ കോവിഡ്-19 രോഗം പടരുന്നതു വലിയ ആശങ്ക വളര്‍ത്തുന്നുണ്ട്. വാളയാര്‍, ചിന്നാര്‍, കുമളി, ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കേരളത്തിലേക്കു ധാരാളം വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍നിന്നു വരുന്നുണ്ട്. ഇവ കടന്നുപോരുന്നതും പുറപ്പെടുന്നതുമൊക്കെ രോഗബാധയുള്ള പ്രദേശങ്ങളിലൂടെയാണ്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ രോഗബാധയും ആശങ്ക വളര്‍ത്തുന്നു. കൊല്ലം കുളത്തൂപ്പുഴയില്‍ രോഗം ബാധിച്ചയാള്‍ അതിര്‍ത്തിക്കപ്പുറമുള്ള ഗ്രാമത്തില്‍ ഒരു മൃതസംസ്‌കാരത്തിനു പോയിവന്നതാണ്. സംസ്ഥാനാന്തര പാതകളില്‍ കൂടുതല്‍ പരിശോധന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഊടുവഴികളിലൂടെ ആള്‍ക്കാര്‍ സഞ്ചരിക്കുന്നതായാണ് വിവരംണ്ട്.













