തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി. ജീവനക്കാരുടെയും അധ്യാപകരുടെയും ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തിന് നിയമ പരിരക്ഷ ഉറപ്പാക്കാനാണ് ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഓര്‍ഡിനന്‍സ്. ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീല്‍ പോയാല്‍ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് സംസ്ഥാനം തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സീസ് സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്ന പേരിലാണ് ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുമോയെന്നത് ഏവരും ഉറ്റു നോക്കിയ കാര്യമായിരുന്നു. ബുധനാഴ്ച രാത്രി വൈകിയാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയ്ക്കായി സര്‍ക്കാര്‍ സമര്‍പ്പിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയൊടെ ഗവര്‍ണര്‍ ഓര്‍ഡനന്‍സില്‍ ഒപ്പിടുകയായിരുന്നു. കോവിഡ് മൂലം സംസ്ഥാനം ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം തത്കാലത്തേയ്ക്ക് പിടിക്കുന്നതിന് അനുമതി തേടികൊണ്ടുള്ള ഓര്‍ഡനന്‍സാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. ശമ്പളം എന്നു തിരികെ നല്‍കുമെന്ന് ഓര്‍ഡനന്‍സില്‍ വ്യക്തമാക്കിയിട്ടില്ല. ഓര്‍ഡിനന്‍സ് പ്രകാരം ശമ്പളത്തിന്റെ 25 ശതമാനംവരെ മാറ്റിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. ഈ വ്യവസ്ഥയുണ്ടെങ്കിലും ഇപ്പോള്‍ ഓരോ മാസവും ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കുകയായിരിക്കും ചെയ്യുക. ഇത് എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സില്‍ ഉണ്ട്. അതേസമയം, ശമ്പള ഓര്‍ഡിനന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് എന്‍ജിഒ സംഘം അറിയിച്ചു.
Discussion about this post