തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടിയെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് വന്ന ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഇവയൊന്നും ഒരിടത്തും തുറക്കില്ലെന്നും മദ്യശാലകള്‍ തത്കാലം തുറക്കുന്നില്ലെന്നും മാളുകളും അടഞ്ഞുകിടക്കുമെന്നും പൊതുഗതാഗതം ഗ്രീന്‍ സോണില്‍ അടക്കം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി ജോലി ചെയ്യാം. മദ്യശാലകള്‍ തത്കാലം തുറക്കുന്നില്ല. മാളുകളും അടഞ്ഞുകിടക്കും.
പൊതുഗതാഗതം ഗ്രീന്‍ സോണില്‍ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. പക്ഷേ സാമൂഹിക അകലം പാലിക്കണം.
ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ പാടില്ല. സിനിമാ തിയേറ്റര്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവക്ക് നിയന്ത്രണം തുടരും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ വേണ്ടെന്ന് വയ്ക്കും. പാര്‍ക്കുകള്‍, ജിംനേഷ്യം എന്നിവിടങ്ങളിലെ കൂടിച്ചേരലുകളും ഉണ്ടാകരുത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം. വിവാഹം, മരണാനന്തര ചടങ്ങ് ഇവയ്ക്ക് 20 പേരിലധികം പാടില്ല.
ഞായറാഴ്ച പൂര്‍ണ്ണ അവധി. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ മാത്രം ഇളവുണ്ട്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണ്ണതോതില്‍ നടപ്പാക്കും.
ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്‌സി, ഊബര്‍ ടാക്‌സി എന്നിവ അനുവദിക്കും. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം.
ഹോട്ട്‌സ്‌പോട്ടുകളൊഴികെ, ഗ്രീന്‍-ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ലാ യാത്രക്ക് പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് പോകാം. ചരക്ക് വാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണമില്ല, പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല.
65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ള കുട്ടികളും വീടുകളില്‍ കഴിയണം. വൈകിട്ട് ഏഴര മുതല്‍ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം.
സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന മലയാളികളെ ഇവിടേക്ക് കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏര്‍പ്പെടുത്തും. എല്ലാവരും ഒരുമിച്ച് വരുന്നത് പ്രായോഗികമല്ല. മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍, അവധിക്കാല ക്യാംപിന് പോയവര്‍, കോഴ്‌സ് കഴിഞ്ഞവര്‍, ഹോസ്റ്റല്‍ അടച്ച് നില്‍ക്കാന്‍ കഴിയാത്തവര്‍ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ എന്നിവരെ ആദ്യമെത്തിക്കും.
പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ സൗകര്യമൊരുക്കണമെന്ന് നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. അനുകൂല നിലപാട് കേന്ദ്രത്തില്‍ നിന്നുണ്ടാകുന്നു. പെട്ടെന്ന് തന്നെ പ്രായോഗിക നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് തിരികെ പോകാന്‍ നോണ്‍ സ്റ്റോപ് ട്രെയിന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ആദ്യം ബസ് മാര്‍ഗം എന്ന് പറഞ്ഞെങ്കിലും തീരുമാനം പിന്നീട് മാറ്റി. പ്രത്യേക തീവണ്ടി അനുവദിച്ചിട്ടുണ്ട്. പോകാനാഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് പോകാം. ആരെയും നിര്‍ബന്ധിച്ച് അയക്കുന്നില്ല. എന്നാല്‍ അവര്‍ എത്തേണ്ട സ്ഥലത്ത് നിന്ന് അനുമതി ലഭിച്ചാലേ പോകാന്‍ സാധിക്കുകയുള്ളൂ.













