പാലക്കാട്: സംസ്ഥാനത്ത് കോവിഡ് 19 നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. മരണ കാരണം കോവിഡല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. പനിയെ തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. കോയന്പത്തൂരിലായിരുന്ന കാര്‍ത്തിക് ഏപ്രില്‍ 29നാണ് വീട്ടിലെത്തിയത്. വനത്തിലൂടെ നടന്നാണ് ഇയാള്‍ വീട്ടിലെത്തിയത്. തുടര്‍ന്നു ഇയാളെ നിരീക്ഷണത്തിലാക്കുകയായിരുന്നു. കാര്‍ത്തികിനൊപ്പം ആറ് പേരും കോയന്പത്തൂരില്‍നിന്നും എത്തിയിരുന്നു. ഇവരും നിരീക്ഷണത്തിലാണ്. രണ്ട് ദിവസം മുന്‍പ് പനി ഉണ്ടായതോടെ കാര്‍ത്തിക് കോട്ടത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ചതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കാര്‍ത്തികിനെ പ്രവേശിപ്പിച്ചു. ഇവിടെനിന്നും ഇന്ന് രാവിലെ കാര്‍ത്തികിനെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. പാലക്കാട്ട് കോവിഡ് ബാധിച്ച് നിലവില്‍ ഒരാള്‍ മാത്രമാണ് ചികിത്സയിലുണ്ടായിരുന്നത്. ജില്ലയില്‍ 2,923 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 45 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.














Discussion about this post