ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് എത്താനായി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ പ്രത്യേക പാസിനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ്-19 ജാഗ്രത പോര്‍ട്ടലിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കേരളത്തിലെത്തുമ്പോള്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കും. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണം. രോഗലക്ഷണങ്ങളുള്ളവരെ തുടര്‍ പരിശോധനയ്ക്ക് വിധേയരാക്കും. കോവിഡ് -19 ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 14 ദിവസം കഴിയേണ്ടിവരും. യാത്രക്കാരെ റെയില്‍വേസ്റ്റേഷനില്‍ നിന്ന് വീടുകളിലേയ്ക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഇത്തരം വാഹനങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. യാത്രക്കു ശേഷം ഡ്രൈവറും വീട്ടില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.













Discussion about this post