തിരുവനന്തപുരം: കേരളത്തില്‍ (മെയ് 19, ചൊവ്വാഴ്ച) 12 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അഞ്ചു പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-1, സൗദി അറേബ്യ-1, കുവൈറ്റ്-1, മാലി ദ്വീപ്-1) എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, ഗുജറാത്ത്-1, തമിഴ്നാട്-1) വന്നതാണ്.
ചൊവ്വാഴ്ച ആരുടെയും പരിശോധനാഫലം നെഗറ്റീവായില്ല. ഇതോടെ 142 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,000 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 71,545 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 455 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 119 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 46,958 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 45,527 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5340 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ നാലു പേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. കോവിഡ് 19ന്റെ സാമൂഹ്യവ്യാപനം സംഭവിച്ചിട്ടില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. എന്നാല്‍ സാമൂഹ്യവ്യാപനത്തെ കരുതിയിരിക്കേണ്ടതുണ്ട്.
പുതുതായി നാലു പ്രദേശങ്ങളെക്കൂടി ഹോട്ട് സ്പോട്ടിലുള്‍പ്പെടുത്തി. കോട്ടയം ജില്ലയിലെ കോരുത്തോട്, കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് ആകെ 33 ഹോട്ട് സ്പോട്ടുകളായി. സാമൂഹ്യ അകലം, മാസ്‌ക്ക് ഉപയോഗിക്കല്‍, കൈകഴുകല്‍ എന്നിവയിലൂടെ ബ്രേക്ക് ദ ചെയിനും ക്വാറന്റിനും നടപ്പാക്കുന്നതില്‍ നാം ഏറെ മുന്നേറിയതായി മുഖ്യമന്ത്രി പറഞ്ഞു.














Discussion about this post