ന്യൂഡല്‍ഹി: അതിതീവ്ര ചുഴലിക്കാറ്റ് ഉംപൂണ്‍ മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമബംഗാളില്‍ ആഞ്ഞടിച്ചു. കനത്തമഴയ്‌ക്കൊപ്പം എത്തിയ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടമുണ്ടായി. ബംഗാളില്‍ മൂന്നുപേരും ഒഡീഷയിലും രണ്ടുപേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പശ്ചിമബംഗാളിലെ ദിഗ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപ് എന്നിവയിലൂടെ ചുഴലിക്കാറ്റ് തീരംതൊട്ടത്. മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ തീരമേഖലയില്‍ പ്രവേശിച്ച ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. മരങ്ങള്‍ വ്യാപകമായി കടപുഴകി, വൈദ്യുതി പോസ്റ്റുകളും കെട്ടിടങ്ങളും തകര്‍ന്നു. പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്ന് 6.5 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. ബംഗാളിലെ ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലും മരം കടപുഴകി വീണ് ഓരോ സ്ത്രീകള്‍ വീതം മരിച്ചു. ദേശീയ ദുരന്തനിവാരണ സേന(എന്‍ഡിആര്‍എഫ്)യുടെ 20 യൂണിറ്റ് ഒഡീഷയിലും 19 യൂണിറ്റ് ബംഗാളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍ഡിആര്‍എഫ് മേധാവി എസ്.എന്‍. പ്രധാന്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ അഞ്ചു ലക്ഷം പേരെയും ഒഡീഷയില്‍ 1.58 ലക്ഷം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീക്കിയതായി അദ്ദേഹം പറഞ്ഞു. കനത്തമഴയില്‍ ഇരു സംസ്ഥാനത്തെയും തീരമേഖലയില്‍ വീടുകള്‍ തകര്‍ന്നു. മണ്ണുകൊണ്ട് നിര്‍മിച്ച വീടുകള്‍ നിലംപരിശായി. റോഡുകളില്‍ വീണ മരങ്ങള്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ യന്ത്രസഹായത്തോടെ മുറിച്ചു മാറ്റി.
പശ്ചിമബംഗാളിലെ സൗത്ത്, നോര്‍ത്ത് 24 പര്‍ഗനാസ്, ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലിയില്‍ മണിക്കൂറില്‍ 160- 170 കിലോമീറ്റര്‍ വേഗത്തിലാണ് ഉംപുന്‍ ആഞ്ഞടിച്ചതെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹപാത്ര പറഞ്ഞു. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം 30 കിലോമീറ്റര്‍ വ്യാസ ത്തിലാണ് കരയില്‍ പ്രവേശിച്ചത്. ഇതുമൂലം മൂന്നു ജില്ലകളിലും കനത്തമഴയും നാശനഷ്ടങ്ങളും ഉണ്ടാകുമെന്ന് മോഹപാത്ര പറഞ്ഞു. ഏഴുമണിയോടെയാണ് ചുഴലിക്കാറ്റ് പൂര്‍ണമായും കരയില്‍ കടന്നത്. കോല്‍ക്കത്ത നഗരത്തില്‍ എത്തിയപ്പോള്‍ കാറ്റിന്റെ വേഗം 110-120 കിലോമീറ്ററായി കുറഞ്ഞു. ഒഡീഷയിലെ പുരി, ഖുര്‍ദ, ജഗതിസിംഗ്പുര്‍, കട്ടക്ക്, കേന്ദ്രപാറ, ജാജ്പുര്‍, ഗഞ്ചാം, ഭദ്രക്, ബാലസോര്‍ ജില്ലകളില്‍ കനത്തമഴയുണ്ടായി. വ്യാഴാഴ്ച വരെ പശ്ചിമബംഗാളില്‍ കനത്തമഴയും കാറ്റുമുണ്ടാവും. ആസാം, മേഘാലയ സംസ്ഥാനങ്ങളിലും കനത്തമഴയും കാറ്റുമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ സൂപ്പര്‍ സൈക്ലോണായി രൂപപ്പെട്ട ഉംപൂണ്‍ ശക്തിക്ഷയിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുകയായിരുന്നു.
Discussion about this post