റായ്പുര്‍: ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെ) നേതാവാണ് അജിത് ജോഗി. ഹൃദയാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. പ്രഭാതഭക്ഷണത്തിനിടെ തളര്‍ന്നുവീണ ജോഗിയെ കഴിഞ്ഞ ദിവസം ശ്രീനാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ മര്‍വാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്.
ഐഎഎസില്‍ നിന്നു രാജിവച്ചാണ് അജിത് ജോഗി രാഷ്ട്രീയത്തിലെത്തിയത്. കോണ്‍ഗ്രസ് പ്രതിനിധിയായി രാജ്യസഭാംഗമായിരുന്നു. ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായി. 2016 ല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. വാഹനാപകടത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി ചക്രക്കസേരയില്‍ ഇരുന്നായിരുന്നു പൊതുപ്രവര്‍ത്തനം.
ഭാര്യ: ഡോ.രേണു. മകന്‍: അമിത് ജോഗി. മരുമകള്‍: റിച്ച.
Discussion about this post