മാഹി: പുതുച്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സ്‌ട്രെച്ചറില്‍ നിന്നും മൃതദേഹം കുഴിയിലേക്ക് എടുത്തറിഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതുച്ചേരി ലഫ്: ഗവര്‍ണര്‍ കിരണ്‍ ബേദി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചെന്നൈയില്‍ നിന്ന് പുതുച്ചേരിയിലെ ഭാര്യാവസതിയില്‍ എത്തിയ ജ്യോതി മുത്തു (47) വിന്റെ മൃതദേഹം ആംബുലന്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൊണ്ടുവരുന്നതും സ്‌ട്രെച്ചറില്‍ നിന്ന് മൃതദേഹം ശവക്കുഴിയിലേക്ക് വലിച്ചെറിയുന്നതുമായ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജൂണ്‍ മൂന്നിനാണ് ഇയാള്‍ പുതുച്ചേരിയില്‍ എത്തിയത്. നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുതുച്ചേരി ഇന്ദിരാഗാന്ധി ഗവ.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നുതന്നെ മരണത്തിന് കീഴടങ്ങിയ ഇയാളുടെ ശ്രവസാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് എന്ന് വ്യക്തമായത്. മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ കോവിഡ് മരണമാണിത്.













Discussion about this post