തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ശബരിമല ക്ഷേത്രത്തില്‍ ഭക്തരെ അനുവദിക്കേണ്ടെന്നും ഈ വര്‍ഷം ഉത്സവം നടത്തേണ്ടെന്നും തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് അധികൃതരും ക്ഷേത്രം തന്ത്രി കണ്ഠരരു മഹേഷ് മോഹനരരുമായും മന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകള്‍ നടത്തും. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്ര തീരുമാനം വന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം തീരുമാനമെടുത്തത്. എന്നാല്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ പുനരാലോചന നല്ലതല്ലേയെന്ന അഭിപ്രായം തന്ത്രി പ്രകടിപ്പിച്ചു. അത് ശരിയാണെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ശബരിമലയില്‍ എത്തുന്ന ഭക്തരില്‍ നല്ലൊരു ശതമാനവും തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം വലിയ തോതില്‍ രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. കര്‍ശന നിബന്ധനകളോടെ വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും ഇവിടെയെത്തുന്നവരില്‍ ഒരു രോഗിയുണ്ടായാല്‍ അത് ക്ഷേത്ര നടത്തിപ്പിനെ ബാധിക്കും. ഈ സാഹചര്യം കണക്കിലെടുത്താന്‍ തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചതെന്ന് മന്ത്രി അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള ഉത്കണ്ഠയാണ് ഇരുവരും പ്രകടിപ്പിച്ചത്. ഇത് സര്‍ക്കാരിനും ബോധ്യമുള്ള കാര്യമാണ്.
ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രതിപക്ഷത്തെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിര്‍ദ്ദേശം വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. സംസ്ഥാനത്തെ വിവിധ മത മേലധ്യക്ഷന്‍മാര്‍, സമുദായ സംഘടനാ പ്രതിനിധികള്‍, ദേവസ്വം അധികൃതര്‍, തന്ത്രി സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി ഇതിനു മുന്നോടിയായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രമാണ് ശബരിമലയെന്നും ഭരണപരമായ കാര്യങ്ങളില്‍ ഒഴിച്ച് തന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭക്തരുടെ താത്പര്യത്തിന് എതിരായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ശബരിമല തന്ത്രി കണ്ഠരരു മഹേഷ് മോഹനരര്. മനുഷ്യന്റെ ആരോഗ്യത്തെ സംബന്ധിച്ച കാര്യമായതിനാലാണ് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്. ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ യോഗത്തിന് മുന്‍പും ശേഷവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ബന്ധപ്പെട്ടിരുന്നു. ലോക്ക്ഡൗണിനു ശേഷം ഓരോന്നായി തുറക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതുപോലെ ആരാധനാലയങ്ങളും നിര്‍ബന്ധമായും തുറക്കണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശിച്ചതെന്ന് ആദ്യം കരുതി. അതിനാല്‍ ജൂണില്‍ ഉത്സവം നടത്തണമെന്ന് കത്തു നല്‍കി. പിന്നീടാണ് ഇത് നിര്‍ബന്ധിത നിയമമല്ലെന്ന് മനസിലായത്. ഈ മാസം കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുമുണ്ട്. ആ നിലയ്ക്കാണ് ഉത്സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടത്. ശബരിമലയിലുള്ളത് പുറപ്പെടാ ശാന്തിയാണ്. ഉത്സവം തുടങ്ങിയ ശേഷം ആര്‍ക്കെങ്കിലും രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ഉത്സവം മുടങ്ങും. തനിക്ക് രാഷ്ട്രീയമില്ലെന്നും ദേവസ്വവുമായി യാതൊരു പ്രശ്നവുമില്ലെന്നും തന്ത്രി പറഞ്ഞു.
ശബരിമല തന്ത്രിയുമായി ആലോചിച്ചാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ദേവസ്വം ഏകപക്ഷീയമായ നിലപാടെടുത്തിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ചുള്ള തന്ത്രിയുടെ ആശങ്ക തങ്ങളുടെയും ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post