തിരുവനന്തപുരം: കിഫ്ബി സാമ്പത്തിക സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ജോലികളുടെ ഗുണപരിശോധനയ്ക്കും ടെസ്റ്റിംഗിനുമായി വിവിധ ജില്ലകളിലെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളിലേക്ക് അനുവദിച്ച വാഹനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പബ്ലിക് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ മധുമതിക്ക് താക്കോല്‍ നല്‍കി മന്ത്രി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പത്ത് ജില്ലകള്‍ക്കാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്.
സംസ്ഥാനത്ത് പൊതുമരാമത്ത് മുഖേന കിഫ്ബി സാമ്പത്തിക സഹായത്തോടെ 11,058 കോടി രൂപയുടെ 266 പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളത്. നിലവില്‍ റോഡുകള്‍, പാലങ്ങള്‍, മലയോര ഹൈവേ എന്നിവയുള്‍പ്പെടെ 4151 കോടി രൂപയുടെ പ്രവൃത്തികളാണ് നടന്നുവരുന്നത്. ഇവയുടെ നിരന്തരമായ വിലയിരുത്തലും ഗുണമേന്‍മ പരിശോധിക്കുന്നതും ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ മുഖേനയാണ്. ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് വാഹനങ്ങള്‍ ലഭ്യമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.എന്‍.ജീവരാജ്, ക്വാളിറ്റി കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ തോമസ് ജോണ്‍, ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post