ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. എന്തുവിലകൊടുത്തും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുമെന്നും വ്യാജ മാദ്ധ്യമ പ്രവര്‍ത്തകരെ ജയിലിലടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
മാദ്ധ്യമ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിക്കുന്നവരേയും വ്യാജ വാര്‍ത്താ ചാനലുകളേയും കുറിച്ച് അന്വേഷണം നടത്തും. ഇത്തരം ന്യൂസ് പോര്‍ട്ടലുകളേയും യൂട്യൂബ് ചാനലുകളേയും കുറിച്ച് അന്വേഷിക്കും. വ്യാജ ഫേസ്ബുക്ക്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചും പരിശോധിക്കുമെന്ന് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മാദ്ധ്യമ പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഇന്നൊരു ബിസിനസായി മാറിയിരിക്കുകയാണ്. ഇങ്ങനെ സംഘടിപ്പിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഇത്തരക്കാരെ അറസ്റ്റ് ചെയ്യുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പു നല്‍കി.
അതേസമയം, രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തേയും അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തേയും കുറിച്ച് അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊറോണക്കെതിരെ രാജ്യം ശക്തമായ പോരാട്ടമാണ് നടത്തുന്നത്. നിലവില്‍, രാജ്യത്ത് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തരാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.













