തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പോലീസുകാരുടെ ജോലിഭാരം കുറയ്ക്കാന്‍ കരുതലുമായി സംസ്ഥാന സര്‍ക്കാര്‍. പോലീസുകാര്‍ക്ക് ദിവസം രണ്ടു ഷിഫ്റ്റ് നടപ്പാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിനുശേഷം അറിയിച്ചു. പല സ്ഥലത്തും മണിക്കൂറുകളോളം പോലീസുകാര്‍ തുടര്‍ച്ചയായി ജോലിചെയ്യേണ്ടി വരുന്നു. ദൂര സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യഥാസമയം ജോലിക്കെത്താന്‍ കഴിയാതെ വരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ ദിവസം രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പോലീസുകാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാനും നിര്‍ദേശമുണ്ട്. പോലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോര്‍ട്ട് ദിവസേന പോലീസ് മേധാവിക്ക് നല്‍കണം. പോലീസിലെ സ്റ്റേറ്റ് ഫെല്‍ഫയര്‍ ഓഫീസറും എഡിജിപിയുമായ കെ. പദ്മകുമാര്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പോലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.













