തിരുവനന്തപുരം: വരുന്ന 100 ദിവസങ്ങള്‍ക്കകം 100 പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് തുടരുമെന്നതിനാല്‍ അടുത്ത നാലു മാസവും റേഷന്‍കട വഴി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നു പ്രത്യേക പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്തെ അതേ വിതരണ മാതൃക തുടരും. സാമൂഹിക സുരക്ഷ- ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ധിപ്പിക്കാനും എല്ലാ മാസവും കൃത്യമായി പെന്ഷന് വിതരണം ചെയ്യാനും നടപടി സ്വീകരിക്കും. ഇതോടെ പെന്ഷന് തുക 1,400 രൂപയായി ഉയരും. 58 ലക്ഷം പേര്‍ക്കാണു പെന്ഷന്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമാക്കും. ഫസ്റ്റ്ലൈന് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. നൂറു ദിവസത്തിനുള്ളില്‍ 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇവിടങ്ങളില്‍ രാവിലെയും വൈകുന്നേരവും ഒപി പ്രവര്‍ത്തിക്കും. മെഡിക്കല്‍ കോളജ്- ജില്ലാ- ജനറല്‍- താലൂക്ക് ആശുപത്രികളുടെ ഭാഗമായ 24 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, ഒന്‍പത് സ്കാനിംഗ് കേന്ദ്രങ്ങള്‍, മൂന്നു പുതിയ കാത്ത് ലാബുകള്‍, രണ്ട് ആധുനിക കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ എന്നിവയും പൂര്‍ത്തീകരിക്കും. സ്കൂളുകള്‍ ജനുവരിയില്‍ തുറക്കും സ്കൂളുകള്‍ 2021 ജനുവരി മുതല്‍ സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. 500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിടനിര്‍മാണം നടക്കുന്നുണ്ട്. ഓരോ സ്കൂളിനും അഞ്ചു കോടി രൂപ വീതം മുടക്കി നിര്‍മിക്കുന്ന 35 സ്കൂള്‍ കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവില്‍ പണി തീര്‍ക്കുന്ന 14 സ്കൂള്‍ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്കൂള്‍ കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കും. 250 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.
Discussion about this post