തിരുവനന്തപുരം: ട്രക്ക് ബോഡി കോഡ് നടപ്പിലാക്കുന്നതു സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ട്രക്ക് ബോഡി നിര്‍മ്മിക്കുന്ന വര്‍ക്ക്ഷോപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുളള ലൈസന്‍സ് ഉണ്ടാവണം.
ബോഡി നിര്‍മിച്ച സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാഹന ഉടമ ഹാജരാകണം. ഇതിനു പുറമെ വര്‍ക്ക്ഷോപ്പില്‍ നിന്നുളള ഡ്രോയിംഗ്, ഫാബ്രിക്കേഷന്റെ സ്പെസിഫിക്കേഷനും വിലയും ഉള്‍ക്കൊള്ളിച്ചുളള ഇന്‍വോയിസ് എന്നിവയും ഹാജരാക്കണം. 2020 നവംബര്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാനെത്തുന്ന ചരക്കു വാഹനങ്ങളുടെ (ആര്‍.എല്‍.ഡബ്ല്യു 3500 കിലോഗ്രാമിന് മുകളിലുളളവ) അപേക്ഷയോടൊപ്പം അക്രഡിറ്റഡ് ബോഡി ബിള്‍ഡിംഗ് ഏജന്‍സിയില്‍ നിന്നുളള ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുണ്ടാവണം. അങ്ങനെ ഒരു ഏജന്‍സി നിലവില്‍ ഇല്ലെങ്കില്‍ അത്തരം ഏജന്‍സി നിലവവില്‍ വന്ന് ഒരു വര്‍ഷത്തിനുളളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം എന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം.
ട്രക്ക് ബോഡി കോഡ് പ്രകാരം ചരക്കുവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് സംശയനിവാരണത്തിന് പൊതുജനങ്ങള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നേരിട്ട് നിയന്ത്രിക്കുന്ന എം.വി.ഡി കോള്‍ സെന്ററിലേക്ക് (9446033314) വിളിക്കാമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍ അറിയിച്ചു.













