തിരുവനന്തപുരം: യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഐടി ആക്ടിലെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതിനിടെ വിജയ് പി നായരുടെ ഡോക്റ്റേറ്റ് വ്യാജമാണെന്ന പരാതിയുമായി ഇന്ത്യന്‍ അസോസിയേഷന് ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രംഗത്തെത്തി.
ഏറെ വിവാദങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവിലാണ് വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന് ശ്രീലക്ഷ്മി അറയ്ക്കലാണ് പൊലീസിന് പരാതി നല്‍കിയത്. ഗുരുതര പരാതി നല്‍കിയിട്ടും ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി പൊലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. പിന്നീട്, ഹൈടെക് സെല്ലിന്റെ ചുമതലയുള്ള എസ്പിയുടെ ഉപദേശ പ്രകാരം ഇന്ന് രാവിലെയാണ് ഐടി ആക്ടിലെ 67, 67 (a) എന്നീ വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇന്നലെ മുതല്‍ മ്യൂസിയം പരിസരത്തെ ലോഡ്ജ് വിട്ട്, കല്ലിയൂരിലെ വീട്ടിലായിരുന്നു ഇയാള്‍. വൈകീട്ടോടെ മ്യൂസിയം പൊലീസ് കല്ലിയൂരെത്തി വിജയ്യെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കും. അഞ്ച് വര്‍ഷം വരെ തുടവ് ലഭിക്കാവുന്ന കുറ്റമാണ് വിജയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാദ വീഡിയോകള്‍ നീക്കാനും നടപടി തുടങ്ങി.
സൈക്കോളജിസ്റ്റാണെന്ന വ്യാജേനയായിരുന്നു യൂട്യൂബിലൂടെ ഇയാള്‍ സ്ത്രീകളെ അധിക്ഷേപിച്ചിരുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്റേറ്റ് ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശ വാദം. എന്നാല്‍ ചെന്നൈയില്‍ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വ്വകലാശാലയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. ഈ സര്‍വ്വകലാശാലക്ക് യുജിസിയുടെ അംഗീകരവുമില്ല. ഐടി വകുപ്പുകള്‍ക്ക് പുറമേ, കയ്യേറ്റം ചെയ്തെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസെടുത്ത കേസും ഇയാള്‍ക്കെതിരെയുണ്ട്. വിജയ്യുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിട്ടുള്ളതിനാല് ഉടന്‍ അറസ്റ്റുണ്ടാവില്ല. ഈ പരാതികളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post