ബംഗളൂരു: ചെയ്യാത്ത കാര്യം ചെയ്‌തെന്ന് പറയിപ്പിക്കാന്‍ ഇഡി ശ്രമിക്കുന്നതായി ബിനീഷ് കോടിയേരി. ആശുപത്രിയില്‍ സ്‌കാന്‍ ചെയ്തു മടങ്ങുമ്പോഴാണ് ബിനീഷിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരോട് ഇഡി തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിനീഷ് പറഞ്ഞു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ അറസ്റ്റിലായ ബിനീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്‍ ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ചോദ്യം ചെയ്യലിനിടെയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേതുടര്‍ന്നു ബിനീഷിനെ ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച അറസ്റ്റിലായ ബിനീഷിനെ തുടര്‍ച്ചയായി ഇഡി ചോദ്യം ചെയ്തു വരികയായിരുന്നു. നടുവേദനയെ തുടര്‍ന്നാണ് ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ബിനീഷിന്റെ ആരോഗ്യ വിവരങ്ങള്‍ ഇഡി നല്‍കുന്നില്ലെന്ന് അഭിഭാഷകന്‍ ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിച്ചില്ല. കസ്റ്റഡി മര്‍ദനം ഉണ്ടായെന്നും അഭിഭാഷകന്‍ രഞ്ജിത്ത് ശങ്കര്‍ ആരോപിച്ചു. എന്താണ് ആരോഗ്യപ്രശ്‌നമെന്നോ ചികിത്സയെന്നോ വ്യക്തമാക്കുന്നില്ല. സുപ്രീം കോടതി മാനദണ്ഡങ്ങള്‍ ഇഡി ലംഘിക്കുകയാണ്. തിങ്കളാഴ്ച ബിനീഷിനായി ജാമ്യാപേക്ഷ നല്‍കുമെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. ബിനീഷിനെ കാണാനായി ആശുപത്രിയില്‍ സഹോദരന്‍ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ആശുപത്രിയില്‍ വാക്കുതര്‍ക്കമുണ്ടായി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ(പിഎംഎല്‍എ)പ്രകാരമാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ നാലു ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബന്ധമാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റിലേക്കു നയിച്ചത്.













Discussion about this post