ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എന്‍സിആറില്‍ പടക്കം പൊട്ടിക്കുന്നതിന് ദേശീയ ഗ്രീന്‍ ട്രിബ്യൂണലിന്റെ വിലക്ക്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണ് എന്‍ജിടിയുടെ നിര്‍ണ്ണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഉത്തരവ് പ്രകാരം ഇന്ന് രാത്രി മുതല്‍ നവംബര്‍ 30 വരെ ഡല്‍ഹി എന്‍സിആര്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് എന്‍ജിടി പൂര്‍ണ്ണമായും നിരോധിച്ചു. ദീപാവലിയോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ വായു മലിനീകരണം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വായുവിന്റെ ഗുണനിലവാരം മിതമായ നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമെ പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുവദിക്കൂ എന്ന് എന്‍ജിടി ഉത്തരവില്‍ വ്യക്തമാക്കുന്നു. അത്തരം സ്ഥലങ്ങളില്‍ ദീപാവലി , പൂജ, ക്രിസ്മസ് പോലുള്ള ഉത്സവങ്ങളില്‍ 2 മണിക്കൂര്‍ മാത്രം പടക്കം പൊട്ടിക്കാന്‍ എന്‍ജിടി അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് മറ്റെവിടെയെങ്കിലും പടക്കം നിരോധിക്കുന്നത് സംബന്ധിച്ച തീരുമാനം അതാത് സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തെ ആശ്രയിച്ചിരിക്കുന്നു എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മലിനീകരണ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ഇതു സംബന്ധിച്ച് തീരുമാനം എടുക്കാം.
പടക്കം പൊട്ടിക്കുന്നത് ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു സംബന്ധിച്ച് നിരോധന ഉത്തരവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.













Discussion about this post