മുംബൈ: ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നു റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു. ആത്മഹത്യപ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്. നവംബര്‍ നാലിനാണ് അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
അര്‍ണബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് ദീപാവലി അവധിയായിട്ടും പ്രത്യേകം സമ്മേളിച്ച കോടതി ഇടക്കാലജാമ്യം നിഷേധിച്ചത്.
റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മിച്ചതിനുള്ള 5.40 കോടി രൂപ ലഭിക്കാത്തതിലുള്ള മനോവിഷമത്തില്‍ 2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും(53) അമ്മ കുമുദി നായിക്കും 2018ല്‍ ആത്മഹത്യ ചെയ്‌തെന്ന കേസിലാണ് മുംബൈ ലോവര്‍ പരേലിലെ വസതിയില്‍നിന്ന് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അന്‍വയ്യുടെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണബിന്റെ പേരു പരാമര്‍ശിച്ചിരുന്നു.
അര്‍ണബിനൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫിറോസ് ഷേക്ക്, നിതീഷ് സര്‍ദ എന്നിവരുടെ ജാമ്യാപേക്ഷകളും തള്ളിയിരുന്നു. കേസ് അന്വേഷണം റദ്ദാക്കണമെന്നും തങ്ങള്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ ഇല്ലാതാക്കണമെന്നും ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ മൂവരും അഭ്യര്‍ഥിച്ചിരുന്നു.
എഫ്‌ഐആര്‍ ഇല്ലാതാക്കണമെന്ന അപേക്ഷയില്‍ ഡിസംബര്‍ പത്തിനു ഹൈക്കോടതി വാദം കേള്‍ക്കും. മഹാരാഷ്ട്ര സര്‍ക്കാരിനെയും പോലീസിനെയും ടിവി ചാനലിലൂടെ വിമര്‍ശിച്ചതിനു പകരംവീട്ടുകയാണെന്ന് ജാമ്യാപേക്ഷയില്‍ അര്‍ണബ് വ്യക്തമാക്കി.
Discussion about this post