ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎയിലെ എല്ലാ പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും അവരുടെ സമര്‍പ്പിത പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. റീ-പോളിംഗ് ഉണ്ടാവാതിരുന്നതും സമാധാനപരമായ വോട്ടിംഗും ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ സവിശേഷതകളായിരുന്നു. നേരത്തെ ബൂത്ത് പിടിത്തത്തിന്റെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഉണ്ടായിരുന്നില്ല. ഇത് എങ്ങനെ സംഭവിച്ചെന്ന് എല്ലാവരും ചോദിക്കുന്നു. ഇന്നലത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിയും. രാജ്യത്തിന്റെ വികസനത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാജ്യത്തെ സേവിക്കാനുള്ള അവസരം നല്‍കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു- മോദി പറഞ്ഞു. ലോക്ക്ഡൗണ്‍ മുതല്‍ ഇന്നുവരെ തങ്ങള്‍ കോവിഡിനെ നേരിട്ട രീതി തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിച്ചു. കോവിഡില്‍ നിന്ന് സംരക്ഷിച്ച ഓരോ ജീവിതവും ഇന്ത്യയുടെ വിജയഗാഥയാണ്. വികസന പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ബിഹാറിലേതെന്നും മോദി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനമാണ് തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് രാജ്യത്തെ ജനങ്ങള്‍ വ്യക്തമായി പറയുന്നു. ഈ ചര്‍ച്ചയിലേക്ക് വരാന്‍ ഇന്ത്യയിലെ ജനങ്ങള്‍ മറ്റെല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. ഇതാണ് യഥാര്‍ഥ പ്രശ്‌നമെന്ന് ജനങ്ങള്‍ അവരോട് പറയുന്നു- മോദി കൂട്ടിച്ചേര്‍ത്തു.













Discussion about this post