ന്യൂഡല്‍ഹി: ഭാരതീയ ജീവിതശൈലി അനുകരണീയമാണെന്ന് ലോകമെങ്ങും പറയുന്ന ഈ കാലത്ത് ഏറ്റവും അധികം വിഷാദരോഗികള്‍ ഉള്ളത് ഇന്ത്യയില്‍ ആണെന്നു പഠനം. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യയിലെ ഒന്‍പതു ശതമാനം ആളുകളും ജീവിതത്തില്‍ എപ്പോഴെങ്കിലും നിരാശ ബാധിച്ചിട്ടുള്ളവരാണെന്നു പഠനത്തില്‍ കണ്ടെത്തി. ദു:ഖം, എല്ലാത്തിനോടും താല്‍പര്യക്കുറവ്, കുറ്റബോധം, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ആത്മവിശ്വാസമില്ലായ്മ, നിരാശ എന്നിവ ചേരുന്ന മേജര്‍ ഡിപ്രസീവ് എപിസോഡ് (എംഡിഇ) എന്ന അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളവരാണ് ഇന്ത്യയിലെ 36% പേരെന്നും പഠനത്തില്‍ വ്യക്തമായി.എംഡിഇ ബാധിച്ചവര്‍ ഏറ്റവും കുറവ് ചൈനയിലാണ്. 12% പേര്‍.18 രാജ്യങ്ങളില്‍ നിന്നുള്ള 89,000 പേരെ കേന്ദ്രീകരിച്ച് 20 ഗവേഷകരാണ് പഠനം നടത്തിയത്. ലോകത്താകെമാനം 1210 ലക്ഷം പേരാണു വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അണുകുടുംബ വ്യവസ്ഥയിലേക്ക് ആളുകള്‍ മാറിയതോടെയാണ് ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം കൂടിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.












