ബംഗളൂരു : പ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ പത്മശ്രീ വൈദ്യവചസ്പതി
ബന്നാഞ്ചെ ഗോവിന്ദാചാര്യ(84) അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഉടുപ്പി അമ്പലപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം.
മാധവ തത്വ ശാസ്ത്രത്തില്‍ പരിജ്ഞാനിയായിരുന്ന ഗോവിന്ദാചാര്യ 1936 ല്‍ മംഗളൂരുവിനടുത്താണ് ജനിച്ചത്. വേദങ്ങള്‍, ഉപനിഷതുകള്‍, മഹാഭാരതം, പുരാണങ്ങള്‍, രാമായണം തുടങ്ങിയവയില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം തുളുവര്‍ക്കിടയിലും കന്നഡിഗര്‍ക്കിടയിലും പ്രവചനങ്ങളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. വേദം, ഉപനിഷത്, ശത രുദ്രിയ, ബ്രഹ്മ സൂത്ര, ഭഗവത് ഗീത എന്നിവയെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. നാലായിരം പേജുകളുള്ള അദ്ദേഹത്തിന്റെ സംസ്‌കൃത വ്യാഖ്യാനം ലോക പ്രസിദ്ധമാണ്. വിവിധ ഭാഷകളിലായി 150 ഓളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
മാധവരാമായണം, മംഗളശതക തുടങ്ങിയവ കന്നഡ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുള്ള അദ്ദേഹത്തിന് 2001 ല്‍ മികച്ച തര്‍ജ്ജമയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിനും, വിദ്യാഭ്യാസത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് 2009 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.
ബന്നാഞ്ചെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവനകളിലൂടെ ബന്നഞ്ചെ ഗോവിന്ദാചാര്യ എക്കാലവും ഓര്‍ക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്‌കൃതത്തോടും, കന്നടയോടും അദ്ദേഹത്തിനുള്ള പാണ്ഡിത്യം ആദരണീയമാണ്. അദ്ദേഹത്തിന്റെ രചനകള്‍ വരും തലമുറയെയും സ്വാധീനിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.













Discussion about this post