ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ ചര്‍ച്ച തുടരുന്നതിനായി കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് നീട്ടിവച്ചുകൂടേയെന്നു കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അതില്‍ ഇടപെടില്ലെന്നും വ്യക്തമാക്കിയ കോടതി, സമരത്തിന്റെ പേരില്‍ ആരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കരുതെന്നും ഓര്‍മിപ്പിച്ചു.
ഡല്‍ഹി അതിര്‍ത്തിയിലുള്ള കര്‍ഷകരുടെ സമരം നീക്കം ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതു വരെ വിവാദ കര്‍ഷക നിയമങ്ങള്‍ നടപ്പിലാക്കില്ലെന്നു സര്‍ക്കാരിന് ഉറപ്പ് നല്‍കാനാവുമോയെന്നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ഇത്തരം ഉറപ്പുകള്‍ നല്‍കിയാല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. എന്നാല്‍, അത്തരം ഉറപ്പുകള്‍ ലഭിച്ചാല്‍ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് വരില്ലെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി.
ഇക്കാര്യത്തില്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് മറുപടി നല്‍കാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്. ഇതിനു എജി സര്‍ക്കാരുമായി കൂടിയാലോചിക്കുമെന്നു പറയുന്‌പോള്‍ നിങ്ങള്‍ എന്തിനാണ് അതിനു തടസമുന്നയിക്കുന്നതെന്നു കോടതി പ്രതികരിച്ചു.
സമരം ചെയ്യാനുള്ള കര്‍ഷകരുടെ മൗലികാവകാശം അംഗീകരിക്കുന്നു. എന്നാല്‍, അത് മറ്റുള്ളവരുടെ അവകാശം ലംഘിച്ചുകൊണ്ടാകരുത്. പ്രശ്‌നത്തില്‍ നിഷ്പക്ഷരായ വിദഗ്ധര്‍ അടങ്ങുന്ന സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കണം. ഇരുപക്ഷങ്ങള്‍ക്കും അവരുടെ നിലപാട് ആ സമിതിക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയണം. തുടര്‍ന്ന് സമിതി നല്‍കുന്ന ശിപാര്‍ശകള്‍ ഇരുവിഭാഗങ്ങളും അംഗീകരിക്കണമെന്നും ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു.
കര്‍ഷകരുടെ ദുരിതത്തിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്. അവര്‍ വെറും ആള്‍ക്കൂട്ടം മാത്രമല്ലെന്നും കോടതി നിരീക്ഷിച്ചു. കലാപമുണ്ടാക്കാതെ കര്‍ഷകര്‍ക്ക് സമരം തുടരാം. പോലീസ് അവരെ തടയരുത്. ഡല്‍ഹിയിലെ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയോ ജീവനോ വസ്തുക്കള്‍ക്കോ നാശം വരുത്തുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. സമാധാനപൂര്‍വം ഡല്‍ഹിയില്‍ പ്രതിഷേധം നടത്താനാണ് കര്‍ഷകരുടെ ആഗ്രഹമെന്ന് പഞ്ചാബ് സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി. ചിദംബരം വാദിച്ചു.













Discussion about this post