ന്യൂഡല്‍ഹി: തലസ്ഥാന അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭത്തിലേക്ക് ആയിരങ്ങള്‍ അണിചേരുന്നതിനിടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നതിന് വിശദമായ ചര്‍ച്ചയ്ക്കു തയാറാണെന്നും കൈകള്‍കൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശില്‍നിന്നുള്ള കര്‍ഷകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നിയമങ്ങള്‍ നടപ്പാകുന്നതോടെ താങ്ങുവില സംവിധാനം അവസാനിക്കും എന്നത് നുണയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിഷ്‌കളങ്കരായ കര്‍ഷകരെ രാഷ്ട്രീയ പാര്‍ട്ടികള്‍ കളിപ്പാവകളാക്കി മാറ്റുകയാണെന്നു കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആരോപിച്ചു. ലഡാക്കില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ സൈനികര്‍ക്കുള്ള സാമഗ്രികളുമായി പോകുന്ന ട്രെയിന്‍ തടയുന്നവര്‍ യഥാര്‍ഥ കര്‍ഷകരല്ല. കര്‍ഷകര്‍ക്ക് എഴുതിയ എട്ടു പേജുള്ള തുറന്ന കത്തില്‍ അതിര്‍ത്തിയിലെ സൈനികരെ ചൂണ്ടിക്കാട്ടി രാജ്യസ്‌നേഹം ഉണര്‍ത്തി കര്‍ഷക വികാരത്തിന് തടയിടാനുള്ള ശ്രമമാണ് തോമര്‍ നടത്തിയത്.
അതിനിടെ, മഹാരാഷ്ട്രയില്‍ നിന്ന് മൂവായിരത്തോളം വരുന്ന കര്‍ഷകര്‍ ഡിസംബര്‍ 21ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യും. പതിവ് പോലെ മോദി ഇന്നലെയും കര്‍ഷകരോട് കള്ളം പറഞ്ഞുവെന്നും കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
പൊതു താത്പര്യം പരിഗണിച്ച് സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാകണമെന്ന് ആയിരക്കണക്കിന് കര്‍ഷകരുമായി കഴിഞ്ഞ ദിവസം സിംഗുവിലെത്തിയ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് ടികായത് ആവശ്യപ്പെട്ടു.
കര്‍ഷക സമരത്തെ എങ്ങനെയും ഒതുക്കിത്തീര്‍ക്കാന്‍ ബിജെപി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് മോദി മധ്യപ്രദേശില്‍നിന്നുള്ള കര്‍ഷകരുമായി സംസാരിച്ചത്. നിയമങ്ങള്‍ ഒറ്റ രാത്രികൊണ്ടു കൊണ്ടുവന്നതല്ല. 22 വര്‍ഷമായി ഓരോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഇതേക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നിയമങ്ങളെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ അവരുടെ തെരഞ്ഞെടുപ്പു പത്രികകളില്‍ ഇക്കാര്യം വാഗ്ദാനം നല്‍കിയിരുന്നതാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഇടനിലക്കാരില്ലാതെയാണു കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ 1600 കോടി രൂപ നേരിട്ടു നിക്ഷേപിച്ചത്. കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാന്‍ മികച്ച ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് ഈ സര്‍ക്കാരാണ്. എട്ടു വര്‍ഷക്കാലത്തോളം സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിസമ്മതിച്ചവരാണ് പ്രതിപക്ഷ പാര്‍ട്ടികളെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.
Discussion about this post