ബാംഗ്ലൂര്‍: കര്‍ണാടകയിലെ അനധികൃത ഖനന വിവാദം സംബന്ധിച്ച റിപ്പോര്‍ട്ട് ലോകായുക്ത ചീഫ് സെക്രട്ടറി എസ്.വി. രംഗനാഥിനു കൈമാറി. പതിനായിരം പേജുളള റിപ്പോര്‍ട്ട് ബിജെപി പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഗവര്‍ണര്‍ക്കും കൈമാറും. റിപ്പോര്‍ട്ടില്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ പരാമര്‍ശമുണ്ടെന്ന് ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയക്കാര്‍ വന്‍തുക കൈപ്പറ്റിയതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടില്‍ കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെയും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെയും പേരുണ്ടെന്നാണു സൂചന. റിപ്പോര്‍ട്ടില്‍ മന്ത്രിമാരുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പു തന്നെ ബി.എസ്. യെഡിയൂരപ്പയുടെ വിശ്വസ്തരായ ബിജെപി സംസ്ഥാന മുന്‍ പ്രസിഡന്റ് ഡി.വി.സദാനന്ദ ഗൗഡ എം.പി, ബിജെപി സംസ്ഥാന ട്രഷറര്‍ ലെഹര്‍ സിങ് എന്നിവരെ പാര്‍ട്ടി നേതൃത്വം അടിയന്തിരമായിഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു. യെഡിയൂരപ്പയും ഡല്‍ഹിക്കു തിരിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കളുടെ യോഗം ചേരും.
യെഡിയൂരപ്പയ്ക്കു പുറമെ മന്ത്രിമാരായ ജി. ജനാര്‍ദന റെഡ്ഡി, ജി. കരുണാകര റെഡ്ഡി, ബി. ശ്രീരാമുലു, വി. സോമണ്ണ എന്നിവരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണു സൂചന.
ലോകായുക്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെങ്കില്‍ യെഡിയൂരപ്പ രാജി വയ്ക്കണം എന്നു ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.പാര്‍ട്ടി കൈക്കൊള്ളുന്ന ഏതു തീരുമാനവും അംഗീകരിക്കാമെന്നു യെഡിയൂരപ്പ ഉറപ്പു നല്‍കിയതായി ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഡല്‍ഹിയില്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Discussion about this post