കൊച്ചി: സംസ്ഥാനത്ത് കൊറോണ വാക്സിന്‍ വിതരണത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജനുവരി 16 ന് സംസ്ഥാനത്ത് കൊറോണ പ്രതിരോധ വാക്സിന്‍ വിതരണം ആരംഭിക്കും. വാക്സിന്‍ കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിനെ കുറിച്ച് നിരവധി ആശങ്കകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആശങ്കകള്‍ അകറ്റാന്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
കൊറോണ രോഗമുക്തര്‍ക്കും വാക്സിന്‍ സ്വീകരിക്കാം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വാക്സിന്‍ സഹായിക്കും. കൊറോണ സ്ഥിരീകരിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്യുന്ന വ്യക്തി വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയാല്‍ രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ രോഗ ലക്ഷണങ്ങള്‍ മാറി 14 ദിവസം കഴിയുന്നത് വരെ വാക്സിന്‍ സ്വീകരിക്കുന്നത് മാറ്റി വെയ്ക്കാം.
കൊറോണ വാക്സിന്‍ സ്വീകരിച്ച ശേഷം കുത്തിവെയ്പ്പ് കേന്ദ്രത്തില്‍ അരമണിക്കൂര്‍ നേരമെങ്കിലും വിശ്രമിക്കണം. അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് വാക്സിന്‍ വിതരണം നടത്തുന്നത്. മറ്റേതൊരു വാക്സിന്‍ സ്വീകരിച്ചാലും ഉണ്ടാകാന്‍ സാധ്യതയുള്ള ചെറിയ പനി, വേദന, എന്നിവ ഉണ്ടാകാനിടയുണ്ട്. വാക്സിന്‍ സ്വീകരിച്ച ശേഷം പാര്‍ശ്വ ഫലങ്ങളുണ്ടായാല്‍ അത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, എന്നീ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാം. 28 ദിവസങ്ങളുടെ ഇടവേളയില്‍ ആകെ രണ്ടു ഡോസുകളാണ് സ്വീകരിക്കേണ്ടത്.













