മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്താന്‍ ഭീകരന്‍ അജ്മല്‍ കസബിന് വധശിക്ഷ വിധിച്ചത് ശരിവെച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ കസബ് ജയിലധികൃതര്‍ മുഖേന അപ്പീല്‍ നല്‍കി. ഫെബ്രവരി 21നാണ് പ്രത്യേക കോടതി വിധിച്ച കസബിന്റെ വധശിക്ഷ മുംബൈ ഹൈക്കോടതി ശരിവെച്ചു കൊണ്ട് വിധി പ്രസ്താവിച്ചത്. അന്ന് മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ തടവറയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കസബ് ശിക്ഷാവിധി കേട്ടത്. സുരക്ഷാകാരണങ്ങളാല്‍ ഇയാളെ കോടതി മുറിയിലെത്തിച്ചിരുന്നില്ല.
പ്രത്യേക കോടതിയുടെ നിരീക്ഷണങ്ങളെല്ലാം ശരിയാണെന്നും വധശിക്ഷ മാറ്റേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി.പ്രത്യേക കോടതി വിധി വന്ന് ഒന്‍പതുമാസത്തിനുശേഷമാണ് ഹൈക്കോടതി അതു ശരിവെച്ചത്. അത്യപൂര്‍വമായ കേസാണിതെന്ന് ജസ്റ്റിസുമാരായ രഞ്ജനാദേശായി, ആര്‍.വി. മോറെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കസബിനൊപ്പം പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഇന്ത്യന്‍ കൂട്ടാളികളായ സബാബുദ്ദീന്‍ അഹമ്മദ്, ഫാഹിം അന്‍സാരി എന്നിവരെ വിചാരണക്കോടതി വെറുതെ വിട്ടതും ഹൈക്കോടതി ശരിവെക്കൂകയായിരുന്നു.
2010 മെയ് മൂന്നിനാണ് പ്രത്യേക കോടതി ജഡ്ജി എം.എല്‍. തഹ്‌ലിയാനി കസബിന് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ കസബും വധശിക്ഷ ശരിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി പിന്നീട് വിധി പറഞ്ഞത്. 2011 ഫിബ്രവരി 21ന് ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. ഇതിനെതിരെയാണ് ഇപ്പോള്‍ കസബ് കോടതിയെ സമീപിച്ചത്.
Discussion about this post