ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്ന് ഡല്‍ഹിയിലെ പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കാതെ നാട്ടിലേയ്ക്ക് മടങ്ങില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. കൊറോണ പ്രോട്ടോക്കോള്‍ പാലിക്കാതെ വലിയ സംഘങ്ങളാണ് രണ്ട് മാസത്തോളമായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണ്.
കോവിഡ് പ്രതിരോധ വാക്സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും ശേഷം അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കിടയില്‍ പ്രായമുള്ളവരും ഉണ്ടെന്നിരിക്കെ വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് ഗുരുതര സാഹചര്യം സൃഷ്ടിച്ചേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
അടുത്തിടെ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ രാജ്യത്തെ രോഗവ്യാപനത്തിന് കാരണമായി വിലയിരുത്തപ്പെടുന്ന തബ്ലീഗ് മതസമ്മേളനം സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചിരുന്നു. മാസ്‌കോ ശാരീരിക അകലമോ പാലിക്കാതെയാണ് പ്രതിഷേധക്കാര്‍ രാജ്യതലസ്ഥാനത്ത് കൂട്ടം കൂടിയിരിക്കുന്നത്. രോഗവ്യാപനത്തിന്റെ ഭീതിയിലാണ് തലസ്ഥാനം.













