
തിരുവനന്തപുരം: തര്‍പ്പണത്തിനായി ബലിക്കടവുകള്‍ ഒരുങ്ങി. തിരുവനന്തപുരത്ത് ഏറെ പ്രശസ്തമായ ശ്രീപരശുരാമക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വംബോര്‍ഡ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3 മുതല്‍ തര്‍പ്പണം ആരംഭിക്കും. ക്ഷേത്രത്തുള്ളിലെ 5 ബലിമണ്ഡപവും ക്ഷേത്രത്തിനുള്ളില്‍ രണ്ട് ബലിപ്പുരകളും അമ്പലക്കടവില്‍ ഒരു ബലിപ്പുരയും സജ്ജീകരിച്ചിട്ടുണ്ട്. മൂവായിരത്തോളം പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണം നടത്താനാവുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ടിക്കറ്റ് വാങ്ങിയവര്‍ക്ക് ക്ഷേത്രത്തിന്റെ പിന്നിലുള്ള വാതിലിലൂടെ അമ്പലത്തിലെത്തി കര്‍മ്മങ്ങള്‍ ചെയ്യാവുന്നതാണ്. അല്ലാത്തവര്‍ക്ക് ബാരിക്കേഡിനുള്ളിലൂടെ ടിക്കറ്റെടുത്ത് അകത്ത് പ്രവേശിക്കാം.
കൂടാതെ ജില്ലയില്‍ ശംഖുംമുഖം കടല്‍തീരം, വര്‍ക്കല പാപനാശം കടല്‍തീരം, അരുവിക്കര, കഠിനംകുളം മഹാദേവക്ഷേത്രം, നെയ്യാറ്റിന്‍കരയിലെ രാമേശ്വരത്തും ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭക്തരുടെ സൗകര്യത്തിനായി ബാരിക്കേഡുകള്‍ നിര്‍മ്മിച്ച് തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലിതര്‍പ്പണത്തിനുള്ള പ്രത്യേക ടിക്കറ്റുകള്‍ ശ്രീകണ്‌ഠേശ്വരം, പാളയം ഹനുമാന്‍സ്വാമി ക്ഷേത്രം, ഹിന്ദുമതഗ്രന്ഥശാല, ദേവസ്വംബോര്‍ഡ് ബുക്ക്സാറ്റാള്‍ എന്നിവിടങ്ങളില്‍ വിതരണം ആരംഭിച്ചു. കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി പുരോഹിതന്‍മാര്‍ക്ക് ദേവസ്വംബോര്‍ഡ് ലൈസസന്‍സ് നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ വിഴിഞ്ഞം മൂല്ലൂര്‍ നാഗര്‍ക്ഷേത്രത്തിനും ആഴിമല മഹാദേവക്ഷേത്രത്തിനും സമീപമുള്ള സമുദ്രതീരത്തും ബലിതര്‍പ്പണത്തിനുള്ള സൗകര്യമൊരുക്കിയതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
Discussion about this post