കൊച്ചി: സംസ്ഥാനത്തെ ദേശീയ നടപ്പാതകളിലും പൊതുനിരത്തുകളിലും സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, പ്ലക്കാര്‍ഡുകള്‍, അനധികൃത ആര്‍ച്ചുകള്‍, ബാനറുകള്‍ തുടങ്ങിയവ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളും ദേശീയപാതാ അഥോറിറ്റിയും ഇതിനായി നടപടി സ്വീകരിക്കുമ്പോള്‍ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ബോര്‍ഡുകള്‍ വയ്ക്കുന്നതിന് റോഡിലും നടപ്പാതയിലും തൂണുകളും ഫ്രെയിമുകളും സ്ഥാപിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇതിനായി കുഴിയെടുത്തിട്ടുണ്ടെങ്കില്‍ ഇവ അടയ്ക്കണമെന്നും കോടതി പറഞ്ഞു. കളക്ടര്‍മാരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഉത്തരവ് നടപ്പാക്കുന്നെന്ന് ഉറപ്പാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം. ബോര്‍ഡുകള്‍ മരങ്ങളിലുറപ്പിക്കാന്‍ സ്ഥാപിച്ച ആണികള്‍ നീക്കംചെയ്യാന്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് പൊതുമരാമത്ത്- തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ നിര്‍ദേശം നല്‍കണം.
ദേശീയപാതയിലെ അനധികൃത ബോര്‍ഡ് നീക്കുന്നതിന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നടപടിയെടുക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഇതിനു സഹായിക്കണം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോ റോഡ് സേഫ്റ്റി കമ്മീഷണറോ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കണം. പാതയോരത്തെ മരങ്ങളിലും പോസ്റ്റുകളിലുമുള്ള അനധികൃത കേബിളുകള്‍ നീക്കം ചെയ്യണം. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാ മാസവും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു. ഇതനുസരിച്ച് റോഡ് സുരക്ഷാ കമ്മീഷണര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, തദ്ദേശ ഭരണ സെക്രട്ടറി. ആര്‍ഡിഒ, ദേശീയപാതാ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ തുടങ്ങിയവര്‍ക്ക് നടപടിയെടുക്കാനാവുമെന്നും കോടതി വ്യക്തമാക്കി.
Discussion about this post